കടുവയുടെ ആക്രമണത്തിൽ നിന്ന് അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരുപത്തിമൂന്നുകാരിയായ രുപാലി മിശ്രാമും അമ്മയുമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. സ്വന്തം ആടുകളെ കടുവ ആക്രമിക്കാന്‍ വന്നപ്പോൾ അവയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് രുപാലി. വടിയുമായി കടുവയെ എതിരിട്ട രുപാലി ഇപ്പോള്‍ പ്രദേശത്ത് താരമായിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം.

Image result for woman-fights-off-tiger-with-stick

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

‘കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഞാനും അമ്മയും വീടിനകത്ത് ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ആടുകളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് അവയുടെ കൂട്ടക്കരച്ചിൽ കേട്ടത്. എന്തോ അപകടം ഉണ്ടെന്ന് അപ്പോൾ തന്നെ തോന്നി. ഏതെങ്കിലും മൃഗങ്ങള്‍ അവയെ ആക്രമിക്കാൻ വന്നതായിരിക്കുമെന്ന് കരുതി ഒരു വടിയെടുത്ത് ഞാൻ പുറത്തിറങ്ങി. ആടുകളെ കെട്ടിയ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമിക്കാനെത്തിയത് കടുവയാണെന്ന് കണ്ടത്. എന്നാൽ എന്നെ കണ്ടപ്പോൾ കടുവ എന്റെ നേർക്ക് വന്നു. വടിയുപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് ആക്രമിക്കുകയായിരുന്നു’. രൂപാലിയുടെ കരച്ചിൽ കേട്ട് അമ്മ എത്തുകയായിരുന്നു. തുടർന്ന് അവളെ വലിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

കടുവയുടെ ആക്രമണത്തില്‍ രൂപാലിയുടെ തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. രുപാലിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടതെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും നടക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. ഗ്രാമത്തിലേക്ക് തിരികെ പോകാൻ ഭയമാണെന്നും അവർ പറയുന്നു. പരുക്കേറ്റ ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.