ചന്ദ്രയാൻ– 2 ഓസ്ട്രേലിയക്കാർക്ക് പറക്കും തളികയായ കൗതുക വാർത്തയാണ് സൈബർ ഇടങ്ങളിൽ പുതിയ ചർച്ച. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ചന്ദ്രയാൻ–2 പറന്നുയർന്ന ശേഷം ഒാസ്ട്രേലിയയിലെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ചിലർ പേടിപ്പിക്കുന്ന ചില കാര്യങ്ങൾ പങ്കുവച്ചു. അതും ചിത്രങ്ങൾ സഹിതം. രാത്രി ആകസ്മികമായി ആകാശത്തിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ടെന്നാണ് ചിലർ കുറിപ്പിട്ടത്. ഓസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടെന്നായി മറ്റൊരു വിഭാഗം. ഇത്തരത്തിൽ പലതരം റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീടാണ് ഇത് ഇന്ത്യയുടെ ചന്ദ്രയാൻ–2 കുതിച്ചുപാഞ്ഞതാണെന്ന് അറിയുന്നത്.

ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോഴാണ് ചിലർ പറക്കും തളികയാണെന്ന് തെറ്റിദ്ധരിച്ചത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര തുടങ്ങിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ഓസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു.

വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു. തികച്ചും ശോഭയുള്ളതും അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. ആകാശത്ത് ആ വെളിച്ചം മങ്ങുന്നതിന് മുൻപ് രണ്ടോ മൂന്നോ മിനിറ്റ് കണ്ടു. അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് ശരിക്കും അസാധാരണമായിരുന്നു എന്നുമാണ് മിക്കവരും പ്രതികരിച്ചത്.