ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല-സാദിയ പാലത്തിന്റെ ഉദ്ഘാടനം ഈ മാസം നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നേരിട്ടെത്തി ക്ഷണിച്ചു. ഉദ്ഘാടനത്തിന്റെ തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

Image result for india's-longest-bridge-in-final-stages-of-construction-10-points

ബ്രഹ്മപുത്രയുടെ പോഷക നദിക്ക് കുറുകേയാണ് പാലം നിർമിച്ചിട്ടുളളത്. 9.15 കിലോമീറ്ററാണ് ധോല-സാദിയ പാലത്തിന്റെ നീളം. പാലം തുറക്കുന്നതോടെ അസമിൽനിന്ന് അരുണാചലിലേക്കുളള യാത്രാസമയം നാലു മണിക്കൂർ കുറഞ്ഞുകിട്ടും. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ഏകദേശം 950 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി ചെലവഴിച്ചത്. നിലവിൽ മുംബൈയിലെ കടലിനു മുകളിലൂടെയുളള ബാന്ദ്ര-വോർലി പാലമാണ് ഏറ്റവും നീളം കൂടിയത്.

പാലത്തെക്കുറിച്ചുളള 10 കാര്യങ്ങൾ

1. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകേയാണ് ധോല-സാദിയ പാലം നിർമിച്ചിട്ടുളളത്.

2. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും 540 കിലോമീറ്റർ അകലെയുളള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നും 300 കിലോമീറ്റർ അകലെയുളള ധോലയിലാണ് പാലം അവസാനിക്കുന്നത്.

3. മുംബൈയിലെ ബാന്ദ്ര-വോർലി പാലത്തെക്കാൾ 30 ശതമാനം വലുതാണ് പാലം.

 

4. പാലം തുറക്കുന്നതോടെ അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുളള യാത്രാസമയത്തിൽ നാലു മണിക്കൂർ കുറവുണ്ടാകും.

5. 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 950 കോടിയോളം രൂപയാണ് നിർമാണ ചെലവ്.

6. അസമിലെ ഈ പ്രദേശത്തുളള ജനങ്ങൾക്ക് അരുണാചലിലേക്ക് പോകാൻ നിലവിൽ ബോട്ട് മാത്രമാണുളളത്.

 

7. പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചെനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താനാകും.

8. ടാങ്കുകൾക്ക് സഞ്ചരിക്കാൻ വിധത്തിലാണ് പാലത്തിന്റെ നിർമാണം.

9. സൈന്യം അരുണാചലിലേക്ക് പോകുന്ന ടിൻസുകിയ വഴി ടാങ്കുകൾക്ക് പോകാൻ തക്ക ബലമുളള പാലങ്ങൾ ഈ പ്രദേശത്ത് വേറെയില്ല.

10. അതിർത്തി സംസ്ഥാനങ്ങളുമായുളള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ൽ കേന്ദ്രസർക്കാർ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ അസമിലെ ധോല-സാദിയ പാലത്തെയും ഉൾപ്പെടുത്തിയിരുന്നു.