ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം ആയിരം കവിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ മരിച്ചു കഴിഞ്ഞതായാണ് സൂചന. ഇപ്പോഴും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല കെട്ടിടങ്ങളില്‍ നിന്നും നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഇന്നലെ വരെ 844 പേരായിരുന്നു മരിച്ചത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലവേസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു.

തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതല്‍ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിത്സ . നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേ സമയം ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷണ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. നേരത്തെ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു. 20 അടിയോളം ഉയരത്തിലെത്തിയാണ് സുനാമി കരയെ വിഴുങ്ങിയത്.

രക്ഷപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് പലായനം നടത്തുന്ന സാഹചര്യത്തില്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ചില മേഖലകളില്‍ എത്താന്‍ ബാക്കിയുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.