യുകെയിലെ നാണ്യപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ നിരക്ക് 2.4 ശതമാനത്തില്‍ എത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ തുടരുമെന്ന പ്രവചനങ്ങള്‍ തകര്‍ത്തുകൊണ്ടാണ് 2.4 ശതമാനം എന്ന നിരക്കിലേക്ക് നാണ്യപ്പെരുപ്പം എത്തി നില്‍ക്കുന്നത്. ഈ പ്രവണത വേതനനിരക്കിലും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള സമ്മര്‍ദ്ദം കുറയ്ക്കും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 2.4 ശതമാനമായി കുറഞ്ഞു.

വേതന നിരക്കില്‍ ഉണര്‍വുണ്ടാകാനും ഇത് കാരണമായിട്ടുണ്ട്. മാര്‍ച്ചിലുണ്ടായ ഞെരുക്കത്തില്‍ നിന്ന് വേജസ് കരകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാണ്യപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലെത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇല്ലെങ്കില്‍ അടിസ്ഥാന നിരക്കുകളില്‍ വര്‍ദ്ധന വരുത്തേണ്ടി വരുമെന്ന് നേരത്തേ സെന്‍ട്രല്‍ ബാങ്ക് സൂചന നല്‍കിയിരുന്നു. വീണ്ടു പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനു മേലുള്ള സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. അതേസമയം പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 0.6 ശതമാനം കുറഞ്ഞ് 1.33യിലെത്തിയിട്ടുണ്ട്. യൂറോക്കെതിരെ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 1.14ലും എത്തി.

നാണ്യപ്പെരുപ്പം കുറയുന്നത് ജനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്ന് ട്രഷറി ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നാണ്യപ്പെരുപ്പത്തെ പിന്നിലാക്കുന്ന നിലയിലേക്കാണ് ഇനിയെത്തേണ്ടതെന്നും അതിലൂടെ സമ്പദ് വ്യവസ്ഥ എല്ലാവര്‍ക്കും ഗുണകരമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.