ഉന്നത തസ്തികയിലുള്ളവർ ഉൾപ്പെടെ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഫോസിസ്. ഇന്‍ഫോസിസിനൊപ്പം യുഎസ് കമ്പനിയായ കൊഗ്നിസന്റും വൻതോതിൽ ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നതായാണു റിപ്പോർട്ട്.

അടുത്ത സാമ്പത്തിക പാദത്തിനുള്ളില്‍ ഇന്‍ഫോസിസ് പന്ത്രണ്ടായിരത്തോളം പേരെയും കൊഗ്നിസന്റ് ഏഴായിരത്തോളം പേരെയും പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ തട്ടുകളിൽനിന്നായാണ് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

സീനിയര്‍ മാനേജര്‍ തലത്തിലുള്ള ലെവല്‍ ആറില്‍ (ജെഎല്‍ 6) ഇന്‍ഫോസിസ് പത്ത് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നു. ഇത് ഏകദേശം രണ്ടായിരത്തി ഇരുന്നൂറോളം പേര്‍ വരും.

ജെഎല്‍ മൂന്നിനു താഴെയുള്ള തൊഴിലാളി വിഭാഗത്തില്‍ നിന്നു രണ്ടു മുതല്‍ അഞ്ച് ശതമാനം വരെയും ജെഎല്‍ നാല്, ജെഎല്‍ അഞ്ച് വിഭാഗത്തില്‍ നിന്നായി അതില്‍ കൂടുതലും തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് തലത്തില്‍ നിന്നുമായി 4,000 മുതല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിട്ടേക്കും.

അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 971 ടൈറ്റിൽ ഹോൾഡർമാരിൽ 50 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. ജോലിയിലെ പ്രകടനം കണക്കിലെടുത്ത് മുമ്പ് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലുള്ള കൂട്ട പിരിച്ചുവിടൽ സമീപകാലത്തുണ്ടായിട്ടില്ല.