പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ഘടകം വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു. പി.ജെ കുര്യന്‍ അനുഭവ പരിചയത്തിന്റെ അഭാവം വരുത്തുന്ന പ്രശ്‌നങ്ങള്‍ ഇനി കോണ്‍ഗ്രസ് നേതൃത്വം അനുഭവിച്ചു തന്നെ അറിയുമെന്നും ജോര്‍ജ്ജ് ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കുക മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ചെയ്തത് മറിച്ച് അത് കേരളാ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് നല്‍കുകയും ചെയ്തു. ഒരുപക്ഷെ കോണ്‍ഗ്രസിലെ തന്നെ മറ്റൊരാള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചുവെന്നെങ്കിലും കരുതാന്‍ കഴിയുമായിരുന്നു.

എന്നാല്‍ മുന്നണി സംവിധാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും അടിയറവ് പറയുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ അകലുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റില്‍ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ വീഴ്ചയുടെ തുടക്കമാകുകയായിരുന്നു. ഇപ്പോഴിതാ രാജ്യസഭാ സീറ്റുപോലും ഘടകകക്ഷികള്‍ക്ക് അടിയറ വെയ്‌ക്കേണ്ട ഗതികേട് വന്നിരിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിന് യാതൊരു അടിത്തറയുമില്ലെന്ന് ചെങ്ങന്നൂര്‍ ഇലക്ഷന്‍ വ്യക്തമാക്കിയതാണ്. ഇലക്ഷന്റെ അവസാന സമയം കേരളാ കോണ്‍ഗ്രസ് ഒപ്പമെത്തിയിട്ടും കോണ്‍ഗ്രസിന് യാതൊരു ഗുണവും ലഭ്യമായില്ല. ഇതെല്ലാം മനസിലാക്കി തന്നെ ശക്തമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ബി.ജെ.പി രാഷ്ട്രീയം ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാന്‍ കോണ്‍ഗ്രസ് സ്വന്തം അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.