കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപ് നല്‍കിയ പരാതി. അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്.

കുറ്റപത്രം ചോര്‍ന്നത് ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞ കോടതി ഈ വിഷയത്തില്‍ അന്വേഷണോദ്യോഗസ്ഥന്‍ സിഐ ബിജു പൗലോസിനെ താക്കീത് ചെയ്തു. പോലീസ് കുറ്റപത്രം ചോര്‍ത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ദിലീപ് പരാതിയില്‍ ആരോപിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. അതേസമയം ദിലീപാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വിട്ടതെന്നായിരുന്നു പോലീസ് ആരോപിച്ചിരുന്നത്.

നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. ഈ ദൃശ്യമടക്കമുള്ള സുപ്രധാന രേഖകള്‍ നല്‍കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.