ആതിര സരാഗ്, ഗോപിക. എസ്

ഇന്ന് മലയാള സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളിലൊന്നാണ് വി. ജെ. ജെയിംസിന്റേത്. കോട്ടയം വാഴപ്പള്ളി സ്വദേശിയായ ഇദ്ദേഹം 2019 ലെ വയലാർ അവാർഡ് നേടി തന്റെ യശസ്സ്  വർധിപ്പിച്ചിരിക്കുകയാണ്. പുറപ്പാടിൻറെ  പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം പ്രണയോപനിഷത്ത്, നിരീശ്വരൻ,  ആന്റിക്ലോക്ക് എന്നിവയാണ് പ്രധാന കൃതികൾ.

* മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ നേടിയ വയലാർ അവാർഡിന് അർഹനാകുക എന്നത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കല്ലേ നയിക്കുന്നത് ?

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നും ഉത്തരവാദിത്വത്തോടെയാണ് ഞാനെന്റെ രചനകളെ സമീപിച്ചിരിക്കുന്നത്. അവാർഡിനെ ഒരു ഭാരമായി കരുതേണ്ടതില്ല. എന്നും പൂർണ്ണ ഉത്തരവാദിത്വത്തോടെ രചനകളെ സമീപിക്കണം എന്നാണ് എന്റെ ആഗ്രഹം.

* ശാസ്ത്രവും ദാർശനികതയും വിളക്കിച്ചേർത്ത് കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു ശാസ്ത്രജ്ഞനായും  സാഹിത്യകാരനായും ഒരുപോലെ ശോഭിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് സാധിക്കുന്നത്?

ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്. അവയെ രണ്ടായി കാണേണ്ടതില്ല. ശാസ്ത്രം എന്നും എന്നെ തുണച്ചിട്ടേ ഉള്ളൂ. ശാസ്ത്രജ്ഞനായ അബ്ദുൾ കലാം ഒരു കവി കൂടിയായിരുന്നു. ശാസ്ത്രം ഇഴപിരിയാത്ത രീതിയിൽ  സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്നു.

* അങ്ങയുടെ മിക്ക കൃതികളിലും പ്രകൃതി ഒരു പ്രധാനഘടകമാണ്. പ്രകൃതിയിലേക്ക് മടങ്ങിപ്പോകണം എന്ന സന്ദേശമാണോ  അങ്ങ് നൽകാൻ ആഗ്രഹിക്കുന്നത് ?

മനുഷ്യശരീരം പ്രകൃതിയുടെ ഒരു തുടർച്ചയാണ്. അതുകൊണ്ടുതന്നെ ഒരു മടങ്ങിപ്പോക്ക് എന്നതിനേക്കാളുപരി പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന ആശയമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അവയെ രണ്ടായി കാണേണ്ടതില്ല.

* ഒരു ഉപദേശകരീതിയിൽ തന്റെ രചനകളെ സമീപിക്കുന്ന ഒരു വ്യക്തിയല്ല താങ്കൾ. പക്ഷേ ‘പ്രണയോപനിഷത്ത്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഒരു ഉപദേശകരീതിയിൽ ഉള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. താങ്കൾ എങ്ങനെ അതിനെ നോക്കിക്കാണുന്നു?

സിനിമ ഒരു വാണിജ്യകലയാണ്. തിരക്കഥാകൃത്ത് ‘പ്രണയോപനിഷത്ത്’ എന്ന കഥയെ ഒരു സിനിമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഒരു വായനക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് കഥ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. ഞാൻ അതിൽ പ്രണയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

* പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം എന്നിവയിലെല്ലാം ഒരു യാത്ര പശ്ചാത്തലം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. താങ്കളുടെ യാത്രകൾ എന്തെങ്കിലും പുസ്തകരചനയെ സ്വാധീനിച്ചിട്ടുണ്ടോ?

ജീവിതം തന്നെ ഒരു യാത്രയല്ലേ.  ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഒരു  യാത്ര മാത്രമാണ് ജീവിതം. അതുകൊണ്ടുതന്നെ യാത്ര എന്നത്  രചനയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പല ആശയങ്ങളും ശക്തമായി അവതരിപ്പിക്കാൻ യാത്ര പശ്ചാത്തലം  സഹായകമാകുന്നു.

* എല്ലാ എഴുത്തുകാരും രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നവരാണ്. താങ്കളുടെ രാഷ്ട്രീയനിലപാട് എന്താണ്?

എന്റെ രാഷ്ട്രീയനിലപാട് എന്റെ  പുസ്തകങ്ങളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കൂടി ഉൾപ്പെടുന്ന ഒരു സമഭാവനയാണ് എന്റെ രാഷ്ട്രീയം. ഒരാൾ വെറുത്തുകൊണ്ട് മറ്റൊന്നിനൊപ്പം നിൽക്കുക എന്നത് സമഭാവനയല്ലല്ലോ. എല്ലാവർക്കുമൊപ്പം എത്തുന്നതാണ് എന്റെ രാഷ്ട്രീയം.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..