കാലിഫോര്‍ണിയ: ടെക് ലോകത്തെ വിസ്മയത്തിലാക്കിക്കൊണ്ട് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് ശ്രേണിയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത്. ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായാണ് ഐഫോണ്‍ എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.

ഇന്‍ഫ്രാറെഡ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 5.8 സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറകള്‍ മുതലായ സൗകര്യങ്ങളുള്ള എക്‌സിന്റെ 64 ജിബി മോഡലിന് 999 ഡോളറും 256 ജിബി മോഡലിന് 1149 ഡോളറുമാണ് വില. നിലവിലുള്ള ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവു വിലയുള്ള മോഡലും കൂടിയാണ് ഇത്. നവംബര്‍ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ഈ മോഡലിനൊപ്പം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മുന്നിലും പിന്നിലും ഗ്ലാസിനാല്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍ ഐഫോണ്‍ 7 നേക്കാല്‍ 25 ശതമാനം ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പുതിയ ആപ്പിള്‍ ടിവി 4കെ, ആപ്പിള്‍ വാച്ച് 3 എന്നിവയും അവതരിപ്പിക്കപ്പെട്ടു. സ്മാര്‍ട്ട് ടിവികളില്‍ ഏറ്റവും പുതിയ തലമുറയിലുള്ള ആപ്പിള്‍ ടിവി 4 കെയും എച്ച്ഡിആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.