ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഐഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ഷോറുമുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായത്. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്‌നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഹാന്‍ഡ് സെറ്റാണ് ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡല്‍. ഐഫോണ്‍ XSന് 999 പൗണ്ടും ഐഫോണ്‍ XS മാക്‌സിന് 1099 പൗണ്ടുമാണ് വില. ഇതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉള്‍പ്പെട്ട 512 ജിബിയുടെ വില 1,449 പൗണ്ടാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ മോഡലാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ഇത് പുറത്തിറക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡല്‍ ലോക വിപണി കൈയടക്കുമെന്നാണ് ടെക് ലോകം വ്യക്തമാക്കുന്നത്. ഐഫോണ്‍ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയുമായാണ്. ഐഫോണ്‍ തട മാക്‌സിന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. രണ്ട് ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് നിലവില്‍ ലഭ്യമായവ.

ഉപഭോക്താക്കള്‍ ചിന്തിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒഎസുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ബാറ്ററി ബാക്കപ്പ്, വൈറസ് അറ്റാക്ക് തുടങ്ങിയവയിലും വളരെ സൂക്ഷമതയുള്ള മോഡലുകളാണിത്. യാതൊരു കാരണവശാലും വൈറസുകള്‍ ഹാന്‍ഡ് സെറ്റിനെ ബാധിക്കാതെ നോക്കാനുള്ള സോഫ്‌റ്റ്വെയര്‍ ഇന്‍ബില്‍റ്റുകള്‍ ഇവയ്ക്കുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാര്‍ക്കറ്റുകളില്‍ ഇറങ്ങുന്ന ദിവസം ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല ഷോറൂമുകളിലും നൂറിലധികം പേരാണ് ക്യൂ വിലുണ്ടായിരുന്നത്. സിംഗപ്പൂരിലും ദുബായിലും അര മണിക്കൂറിനകം തന്നെ സ്‌റ്റോക്കുണ്ടായിരുന്ന ഹാന്‍ഡ് സെറ്റുകള്‍ വിറ്റഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.