ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്നാം കിരീടം. ഷെയ്ന്‍ വാട്സണിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജയിപ്പിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. സ്‌കോര്‍, സണ്‍റൈസേഴ്സ് 20 ഓവറില്‍ 178-6, ചെന്നൈ 18.3 ഓവറില്‍ 179-2.

ആദ്യ മൂന്ന് ഓവറുകളില്‍ പ്രതിരോധിക്കാനായിരുന്നു ചെന്നൈ ഓപ്പണര്‍മാരുടെ ശ്രമം. 10 റണ്‍സെടുത്ത് ഡുപ്ലസിസ് പുറത്തായതോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ചു. ഷെയ്‌ന്‍ വാട്സണും സുരേഷ് റെയ്നെയും സണ്‍റൈസേഴ്സ് ബൗളര്‍മാരെ കൈകാര്യം ചെയ്തതോടെ കളി ചെന്നൈയുടെ കൈയ്യിലായി. 24 പന്തില്‍ 32 റണ്‍സെടുത്ത റെയ്‌ന ഗോസ്വാമിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി.

Image result for ipl final 2018

അവസാന നാല് ഓവറില്‍ 25 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പതറാതെ കളിച്ച വാട്സണ്‍ 51 പന്തില്‍ തന്‍റെ തകര്‍പ്പന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വാട്സണിന്‍റെ നാലാമത്തെ ഐപിഎല്‍ സെഞ്ചുറിയാണിത്. ചെന്നൈ വിജയിക്കുമ്പോള്‍ 117 റണ്‍സുമായി വാട്സണും റണ്‍സെടുത്ത് 16 റായുഡുവും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്സിനായി സന്ദീപും ബ്രാത്ത്‌വെയ്റ്റും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ സണ്‍റൈസേഴ്സിനെ നായകന്‍ വില്യംസണും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഠാനുമാണ് മികച്ച സ്കോറിലെത്തിച്ചത്. 47 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ചെന്നൈക്കായി എന്‍ഗിഡി, ഠാക്കൂര്‍, കരണ്‍, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

ഓപ്പണര്‍മാരായ ഗോസ്വാമി അഞ്ച് റണ്‍സെടുത്തും ധവാന്‍ 26 റണ്‍സുമായും പുറത്തായി. സീസണിലെ മികച്ച ഫോം തുടര്‍ന്ന മൂന്നാമന്‍ വില്യംസണ്‍ അര്‍ദ്ധ സെഞ്ചുറിക്കരികെ വീണെങ്കിലും 47 റണ്‍സെടുത്തു. ഓള്‍റൗണ്ടര്‍ ഷാക്കിബ് 15 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ബ്രാത്ത്‌വെയ്റ്റ് 11 പന്തില്‍ 21 റണ്‍സെടുത്തു. എന്നാല്‍ 25 പന്തില്‍ 45 റണ്‍സുമായി പഠാന്‍ പുറത്താകാതെ നിന്നതോടെ സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തി.