മഹാമാരിയായ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ വീണ്ടും മാറ്റിവെച്ചേക്കുമെന്ന് സൂചന. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ നിലവില്‍ ഏപ്രില്‍ 15ലേക്ക് നീക്കിവച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായാല്‍ തിയതി വീണ്ടും നീട്ടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് അറിയുന്നു.

ഐപിഎല്‍-2020 ഈ വർഷം അവസാനത്തോടെ നടത്താന്‍ ആലോചനയുള്ളതായാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പറയുന്നത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായേക്കും. മാരക വൈറസ് വ്യാപനം നിയന്ത്രണവിധേയമാകാതിരുന്നാല്‍ ഐപിഎല്‍ ഉപേക്ഷിച്ചേക്കും എന്നും സൂചനയുണ്ട്.

ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ ഭാവി ചർച്ച ചെയ്യാന്‍ ചൊവ്വാഴ്‍ച നിർണായക യോഗം ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഫറന്‍സ് കോളിലൂടെയാണ് ബിസിസിഐയും ഫ്രാഞ്ചൈസികളും ഇക്കാര്യം ചർച്ച ചെയ്യുകയെന്നാണ് വാർത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോർട്ട്. കൊവിഡ് 19 ഭീതിയെ തുടർന്ന് മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചതോടെയാണ് യോഗം കോണ്‍ഫറന്‍സ് കോള്‍ വഴിയാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ഇതുവരെ 427 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഏഴ് പേർക്ക് ജീവന്‍ നഷ്‍ടമായി. രാജ്യത്ത് വിവിധയിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനം മൂന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. പതിനാലായിരത്തിലേറെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു.