ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാംപ്യന്‍മാര്‍ . ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായി. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്സ് ഏഴുവിക്കറ്റ് നഷടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി. മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണ്. അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത്

അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ടുറണ്‍സ് . ഷാര്‍ദുല്‍ താക്കൂറിന് നേരെ കുതിച്ച മലിംഗയുടെ യോര്‍ക്കര്‍ ലക്ഷ്യം തെറ്റിയില്ല. മുംബൈയ്ക്ക് അവിശ്വസനീയ വിജയം . രണ്ടുറണ്ണൗട്ടുകളായണ് കളിയുെട ഗതി മാറ്റിയത് . ആദ്യം രണ്ടുറണ്‍സെടുത്ത എം എസ് ധോണി മുംബൈ ഫീല്‍ഡര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ വീണു . അവസാന ഓവറില്‍ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് നാലാം പന്തില്‍ 80 റണ്‍സ് എടുത്ത വാട്സന്റെ വിക്കറ്റും നഷ്ടമായി

14 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനവും നിര്‍ണായകമായി . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരന്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ തിളങ്ങാനായത് 25 പന്തില്‍ 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാഡിനു മാത്രം.