സഞ്ജുവിന്റെ കൂറ്റൻ അടികളുടെ അർധസെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. രാജസ്ഥാനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് 218 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെ(36) ബെൻ സ്റ്റോക്സ് (27) ജോസ് ബട്‌ലർ (23) റൺസെടുത്തു.

ബെംഗളൂരു ബോളർമാരെ കണക്കിന് പ്രഹരിച്ചാണ് സ‍ഞ്ജു രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ നെടുംതൂണായത്. പത്ത് സിക്സും രണ്ട‌് ഫോറുമടക്കം പുറത്താവാതെ 45 പന്തിൽ 92 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഉമേഷ് യാദവും ക്രിസ്വോക്സും കുൽവന്ത് കെജ്റോലിയയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലി പതിവുപോലെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇക്കുറിയും ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസീസ് താരം ഡാർസി ഷോർട്ടും. ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഇരുവരും രാജസ്ഥാന് സമ്മാനിച്ചത് തകർപ്പൻ തുടക്കം. ഒന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അജിങ്ക്യ രാഹനെ മടങ്ങി. ഷോർട്ടിനെ ഒരറ്റത്തുനിർത്തി തകർത്തടിച്ച രഹാനെ 20 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്താണ് പുറത്തായത്. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. സ്കോർ 53ൽ എത്തിയപ്പോൾ ഷോർട്ടും വീണു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത ഷോർട്ടിനെ ചാഹൽ മടക്കി.

പിന്നീടായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി. കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ കുത്തനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.

ബട്‌ലർ‌ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു.

ആർസിബി നായകൻ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയിൽ സിക്സർ മഴപെയ്യിച്ചത്. അവസാന അ‍ഞ്ച് ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് 17.6 ശരാശരിയിൽ 88 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ സംഭാവനയാണ്. ബെംഗ്ലൂരുവിന് വേണ്ടി ക്രിസ്‌വോക്സും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.