അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്.

അമേരിക്കന്‍ ഡോളര്‍ അധിഷ്ഠിത വ്യവഹാരങ്ങളെ മറികടക്കാനും ഡോളര്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര ബാങ്കിംഗ് നെറ്റ്വര്‍ക്ക്, സ്വിഫ്റ്റിലുള്ള ആശ്രയത്വം ഒഴിവാക്കുന്നതിനുമായി ടെഹ്‌റാന്‍ ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുമായി നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇറാന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് ഇറാനിലെ പാര്‍ലമെന്ററി കമ്മീഷന്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ തലവനായ മൊഹമ്മദ് റെസ പോറെബ്രാഹിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ക്രിപ്‌റ്റോകറന്‍സി ഒരു പ്രധാന വസ്തുതയായി മാറിയിട്ടുണ്ട്. ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വിഫ്റ്റ് സിസ്റ്റത്തെ ഒഴിവാക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് ക്രിപ്‌റ്റോകറന്‍സിയെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ ഇക്കണോമിക് പോളിസി തലവന്‍ ദിമിത്രി മെസെന്റേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.