ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവായിരുന്നു സുലൈമാനിയുടെ വധം. ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാന്‍ തലസ്ഥാനം ടെഹ്റാനിൽ വൻ പ്രതിഷേധം നടന്നു. ഒപ്പം ടെഹ്റാനിലെത്തിച്ച മൃതദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യിലുടനീളം ​​‘ഡെ​ത്ത്​ ടു ​അ​മേ​രി​ക്ക’ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പിന്തുടർന്നത്. എന്നാൽ സുലൈമാനിയുടെ മരണത്തിൽ തങ്ങൾക്ക് ദുഃഖമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുറന്നുപറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാരുടെയും പാശ്ചാത്യ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മരണത്തിലും ഞങ്ങൾ വിലപിക്കില്ല എന്നാണ് ജോൺസൻ പറഞ്ഞത്. അതേസമയം യുകെ സൈനികരെ കൊല്ലുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ യുകെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജോൺസൻ സ്ഥിരീകരിച്ചു.യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ബ്രിട്ടീഷുകാർക്ക് വിദേശകാര്യ ഓഫീസ് ശക്തമായ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ പോരാട്ട രംഗത്ത് അതിശക്തരായ ഇറാൻ യുഎസിനു നേരെ ഇന്റർനെറ്റിലൂടെ തിരിച്ചടി നൽകിയേക്കുമെന്നാണു സൂചന. ഈ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇറാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ആദ്യമായാണ് ബോറിസ് ജോൺസൻ സംസാരിക്കുന്നത്. ട്രംപ് , ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ എന്നിവരുമായി ജോൺസൺ നേരത്തെ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാ വിദേശ സൈനികരും രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റ് പറയുന്നുണ്ട്. യുഎസ് – ഇറാൻ സംഘർഷം ലോക രാജ്യങ്ങളെ എല്ലാം തന്നെ സാരമായി ബാധിച്ചിരിക്കുന്നു.