വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

നാളെ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേയ്ക്ക് ടിക്കറ്റെടുത്തിട്ടുള്ള ഓരോ സ്ത്രീയും തീ അണയാത്ത ഒരു ചിതയുടെ പൊള്ളൽ അറിയുന്നുണ്ടാകും. തീക്കനലിൽ ചവുട്ടിയിരുന്നല്ലാതെ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മത്സരം അവർക്ക് മുഴുമിപ്പിക്കാനാകില്ല. സഹർ ഖൊദയാരി എന്നൊരുവൾ അഗ്നിയിലേയ്ക്ക് സ്വയം ഹവിസ്സായി വീണില്ലായിരുന്നുവെങ്കിൽ 4,600 ഇരിപ്പിടങ്ങൾ ആസാദി സ്റ്റേഡിയത്തിൽ ഇറാനി വനിതകൾക്ക് വേണ്ടി നീക്കിവെയ്ക്കപ്പെടുമായിരുന്നില്ല.

ഇറാനിലെ സ്ത്രീകളുടെ നാല്പത് വർഷം നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച അവസാനമാകാൻ പോകുന്നത്. ഇറാനും കംബോഡിയയും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ പുതുചരിത്രം പിറക്കുകയായി.ഇറാൻ വനിതകൾക്ക് പുരുഷ ഫുട്‌ബോൾ ടീമിന്റെ മത്സരം കാണുന്നതിനുള്ള വിലക്ക് ഇനിയില്ല. 1979ൽ ഏർപ്പെടുത്തിയ വിലക്കാണ് വൻ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുന്നത്. ആസാദി സ്റ്റേഡിയത്തിന്റെ ഒരു വശത്തായിട്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. 78,000 പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 4,600 ഇരിപ്പിടങ്ങളാണ് സ്‌ത്രീകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിൽതന്നെ 3,500 ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോകുകയും ചെയ്തു. നേടിയെടുത്ത അവകാശത്തെ എത്രത്തോളം ആവേശത്തോടെയാണ് ഇറാനിലെ സ്ത്രീകൾ സ്വീകരിച്ചത് എന്നതിനുള്ള തെളിവാണ് വിറ്റഴിഞ്ഞ ടിക്കറ്റിന്റെ കണക്കുകൾ.

സഹർ ഖൊദയാരി

പക്ഷേ ഇവിടം വരെയുള്ള വഴികൾ അത്ര എളുപ്പമായിരുന്നില്ല. വിലക്കേർപ്പെടുത്തിയ നാൾ മുതൽ നിരവധി സ്ത്രീകൾ പുരുഷ മത്സരങ്ങൾ കാണുവാനുള്ള ശ്രമം നടത്തുകയുണ്ടായി. പുരുഷന്മാരുടേതു പോലെ വേഷം മാറിയും ആൾക്കൂട്ടത്തിൽ ഒളിച്ചുകടന്നുമൊക്കെ കളി കാണാൻ ശ്രമിച്ചവർ നിരവധിയാണ്. എന്നാൽ കൂടുതൽ പേരും പിടിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു സഹർ ഖൊദയാരി. വേഷം മാറി സ്റ്റേഡിയത്തിൽ എത്തിയ സഹറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടയിൽ കോടതി മുറ്റത്ത് വെച്ച് സഹർ സ്വയം തീ കൊളുത്തി. പരിക്കുകളോടെ ഒരാഴ്ച സഹർ ആശുപത്രിയിൽ കഴിഞ്ഞു. പിന്നെ മരണത്തിന് കീഴടങ്ങി. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ഫിഫയുടെ ഭാഗത്ത് നിന്ന് ഇറാന് മേൽ സമ്മർദ്ദമുണ്ടായി. 2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തർ ഇറാനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. തുടർന്ന് വിലക്ക് പിൻവലിക്കാൻ ഇറാൻ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ആസാദി സ്റ്റേഡിയം

2006ൽ പുറത്തിറങ്ങിയ ഓഫ് സൈഡ് എന്ന ഇറാനിയൻ സിനിമ ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫുട്‌ബോൾ മത്സരം കാണാൻ പോയ മകൾ നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ ജാഫർ പനാഹി പ്രസ്തുത സിനിമയിലേക്ക് എത്തുന്നത്. ഷൂട്ട് ചെയ്തത് ഇറാനിൽ ആണെങ്കിലും ഇറാനിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായില്ല. ഇറാനിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ തന്റെ സിനിമകളിലൂടെ പുറം ലോകത്തെത്തിച്ച ജാഫർ പനാഹി ഇപ്പോൾ വീട്ടു തടങ്കലിൽ ആണ്. ഇരുപത് വർഷം സിനിമയെടുക്കുന്നതിൽ നിന്ന് പനാഹിയെ വിലക്കിയിരിക്കുകയാണ്. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുമ്പോൾ വിവേചനത്തിനെതിരെ തന്റെ സർഗാത്മകതകൊണ്ട് കൈ ഉയർത്തിയ ജാഫർ പനാഹിയെ കൂടി നാം ഓർക്കേണ്ടതുണ്ട്.

4,600 ഇരിപ്പിടങ്ങൾക്ക് ഒരു ജീവന്റെ വിലയാണുള്ളത്. സ്റ്റേഡിയത്തിലെ ഏതെങ്കിലും ഒരു മൂലയിൽ കുറച്ചിടം എന്നതിൽ നിന്ന് മുഴുവൻ ഇരിപ്പിടങ്ങളിലേയ്ക്കും വ്യാപിക്കാൻ സ്ത്രീകൾക്ക് കഴിയണം. അതുവരെ സഹറിന്റെ ചിത അണയാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.