അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെയാണ് പത്തൊൻപതു വയസുകാരനായ മകൻ സൂരജ് വേർമ കുത്തി കൊലപ്പെടുത്തിയത്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് പൊലീസെത്തി അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.

മോഷണശ്രമത്തിനിടെയിൽ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാൽ ഇൗ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായില്ല. വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേർ കൊലപ്പെട്ടിട്ടും മകൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.

മാതാപിതാക്കൾ എപ്പോഴും പഠിക്കാൻ നിർബന്ധിക്കും, ക്ലാസ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മർ‌ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കെല്ലാൻ ഉപയോ​ഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും തെളിഞ്ഞതോടെ പ്രതി പിടിയിലായി.