അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.

സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.

ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.

നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.

കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.

അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.