കനത്ത നാശം വരുത്തി വീശിയടിച്ച ഇര്‍മാ കൊടുങ്കാറ്റ് ഫ്‌ളോറിഡയെ ഇരുട്ടിലാഴ്ത്തി. വൈദ്യൂതി സംവിധാനത്തെ സാരമായി ബാധിച്ച കൊടുങ്കാറ്റില്‍ 40 ലക്ഷം വീടുകളാണ് കഴിഞ്ഞ ദിവസം മുതല്‍ ഇരുട്ടിലായത്. പ്രശ്‌ന പരിഹാരത്തിന് മാത്രം ആഴ്ചകളോളംഎടുക്കുമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ ഫ്‌ളോറിഡയെ തൊട്ടത് ഏറ്റവും അപകടകാരിയായ കാറ്റുകളില്‍ ഒന്നായിരുന്നു. കാറ്റില്‍ നാലു പേര്‍ മരിക്കുകയും 64 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്‌ളോറിഡയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ശക്തമായ കാറ്റാണ് വീശിയത്.അതേസമയം രണ്ടു ആണവ പ്‌ളാന്റുകള്‍ സുരക്ഷിതമാണ്. തെക്കന്‍ മിയാമിയില്‍ നിന്നുഗ 48 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ടര്‍ക്കി പോയിന്റിലെ രണ്ടു റീയാക്ടറുകളില്‍ ഒരെണ്ണം ശനിയാഴ്ച തന്നെ അടച്ചുപൂട്ടിയിരുന്നു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ തെക്കന്‍ ഫ്‌ളോറിഡ തീരംതൊട്ടത്. കാറ്റിന്റെ ഗതിമാറുന്നതായുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അധികൃതരെ കുഴക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള 63 ലക്ഷത്തോളംപേരെ ഒഴിപ്പിച്ചും ആവശ്യത്തിനു മുന്‍കരുതല്‍ സ്വീകരിച്ചതിനാലും കാര്യമായ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരങ്ങള്‍ കടപുഴകിവീണു കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശമുണ്ടായി.

അതേസമയം, രണ്ടിടങ്ങളിലുണ്ടായ കാര്‍ അപകടങ്ങളില്‍ മൂന്നുപേരും പുനരധിവാസ കേന്ദ്രത്തില്‍ ഒരാളും മരിച്ചു. ഇര്‍മ കനത്ത നാശം വിതച്ച കരീബിയന്‍ ദ്വീപുകളില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍നിന്ന് 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരെ താല്‍ക്കാലിക വിസയില്‍ അമേരിക്കയിലേക്കു മാറ്റി. വിസ ലഭിക്കാത്തവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും എംബസിവൃത്തങ്ങള്‍ അറിയിച്ചു.

ഇര്‍മയെത്തുമ്പോള്‍ ഫ്‌ളോറിഡ തീരത്ത് പത്തു മീറ്റര്‍ ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നും വെള്ളപ്പൊക്കത്തിന് ഇതു കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കനത്ത നാശവും ആള്‍നാശമുണ്ടാക്കാവുന്ന കാറ്റഗറി നാല് ഗണത്തിലേക്ക് അധികൃതര്‍ ഇര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോവര്‍ ഫ്‌ളോറിഡയിലുള്‍പ്പെടെ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. 4.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഭീഷണി ഉയര്‍ത്തുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയത് അപകടമൊഴിവാക്കി. ദുരന്തമേഖലയില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നാണു അധികൃതരുടെ മുന്നറിയിപ്പ്.