ലോകമൊട്ടാകെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫേസ്ബുക്ക് മാറിയിരിക്കുകയാണല്ലോ. ഇതിന് പകരംവെക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഇനിയുണ്ടാകാനിടയുണ്ടോ എന്ന ചോദ്യങ്ങളും സജീവമായി ഉയരുന്നു. ഫേസ്ബുക്കിനൊപ്പം നില്‍ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് സിലിക്കണ്‍ വാലി നിക്ഷേപകനായ ജെയ്‌സണ്‍ കാലാകാനിസ്. ഊബര്‍ ഉള്‍പ്പെടെയുള്ള ഹൈപ്രൊഫൈല്‍ കമ്പനികളുടെ ആദ്യകാല നിക്ഷേപകനാണ് ഇദ്ദേഹം. സമൂഹത്തിന് ഗുണകരമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു മത്സരത്തിനും അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്.

ഉപഭോക്താക്കളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ഫേസ്ബുക്കിനെ വെല്ലുവിളിക്കാന്‍ കഴിയുന്ന, ഒരു ബില്യനിലേറെ ഉപയോക്താക്കളെ സമ്പാദിക്കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനായി 1,00,000 ഡോളര്‍ വീതം ഏഴ് സംഘങ്ങള്‍ക്കായി നല്‍കാനാണ് കാലാകാനിസ് ലക്ഷ്യമിടുന്നത്. രാജ്യങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ വ്യാജ വിവരങ്ങള്‍ പടര്‍ത്തി ജനാധിപത്യത്തെ തകര്‍ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരമാകുന്ന പ്ലാറ്റ്‌ഫോമിന് നിക്ഷേപം നടത്തുകയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റിലെ കമ്യൂണിറ്റി, സോഷ്യല്‍ പ്രോഡക്ടുകളുടെ നിര ആരംഭിക്കുന്നത് എഒഎല്‍ മുതലാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളൊന്നും തന്നെ ഗവണ്‍മെന്റുകളാല്‍ അടച്ചുപൂട്ടപ്പെട്ടവയല്ല. കൂടുതല്‍ മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമുകള്‍ അവയ്ക്ക് പകരം നിലവില്‍ വരികയായിരുന്നു. ഫേസ്ബുക്കിനെ ഈ വിധത്തില്‍ പിന്തള്ളാനുള്ള പരിശ്രമങ്ങള്‍ നമുക്ക് ആരംഭിക്കാമെന്നാണ് കാല്‍കാനിസ് പറയുന്നത്.