അനീഷിന്‍റെ അറസ്റ്റ് ഡോ. ഷാനവാസിന്‍റെ മരണത്തിലെ ദുരൂഹതകള്‍ നീക്കുമോ ?

അനീഷിന്‍റെ അറസ്റ്റ് ഡോ. ഷാനവാസിന്‍റെ മരണത്തിലെ ദുരൂഹതകള്‍ നീക്കുമോ ?
January 25 18:46 2016 Print This Article

മലയാളം യുകെ, ന്യൂസ് ടീം
മലപ്പുറം: ഡോ. ഷാനവാസിന്റെ സന്നദ്ധസേവനം തുടരാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ സുഹൃത്ത് പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഷാനവാസിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിയാനുള്ള സാധ്യത തെളിയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് കോഴിക്കോട്ട് പ്രണയദിന പാര്‍ട്ടി കഴിഞ്ഞ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം നിലമ്പൂരിലക്കു മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസ് ദുരൂഹസാഹചര്യത്തില്‍ കാറില്‍ മരിച്ചത്. മരണ സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷി(26)നെയാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ ഡോ. ഷാനവാസിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് അനീഷ്. ഷാനവാസ് നടത്തിയിരുന്ന സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായും അടുക്കുന്നത്.aneesh

എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎക്കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു.

തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. റിമാന്‍ഡില്‍ ചാവക്കാട് സബ് ജയിലിലാണിപ്പോള്‍ അനീഷ്.

ഡോ. ഷാനവാസിന്റെ മരണസമയത്തും അനീഷ് ഒപ്പമുണ്ടായിരുന്നു. മരണപ്പെട്ട ഷാനവാസിനെ കുളിപ്പിച്ച് പുതിയ വസത്രം ധരിപ്പിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ കഴുകികളയാനാണ് കുളിപ്പിച്ചതെന്നും മരിച്ച വിവരം അറിയില്ലെന്നുമായിരുന്നു അന്ന് ഇവര്‍ പോലീസിനു നല്‍കിയ മൊഴി.

ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് ഷാനവാസിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ബലപ്രയോഗത്തിലൂടെ ആരെങ്കിലും വായയും മൂക്കും പൊത്തിപ്പിടിച്ചാല്‍ ഇത്തരത്തില്‍ ഛര്‍ദ്ദില്‍ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങാന്‍ സാധ്യതയുണ്ട്. ഷാനവാസിന്റെ വലതു കൈയില്‍ കുത്തിവെപ്പു നടത്തിയപാടും മദ്യം കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

shanavas1

കോഴിക്കോടു നിന്നും അനീഷ് ഉള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസിന്റെ മരണം. രാത്രി ഷാനവാസിന് സീരിയസാണെും എടവണ്ണ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഷാനവാസിന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച് അറിയിച്ചെന്നാണ് ഷാനവാസിന്റെ പിതാവ് എടവണ്ണ പുള്ളിച്ചേലില്‍ മുഹമ്മദിന്റെ മൊഴി. രാത്രി 11.45ന് എടവണ്ണ ആശുപത്രിയിലെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ അരമണിക്കൂര്‍ മുമ്പ് ഷാനാവാസ് മരിച്ചതായി അറിയിച്ചെന്നും തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് 14ന് പുലര്‍ച്ചെ 1.45 ന് മുഹമ്മദ് എടവണ്ണ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്.

എന്നാല്‍ ഷാനവാസിന്റെ വടപുറത്തെ വീടിനടുത്തെത്തിയപ്പോള്‍ വിളിച്ചിട്ടും എണീറ്റില്ലെന്നും ഉടന്‍ എടവണ്ണയിലെ ആശുപത്രിയിലെത്തിച്ചെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വടപുറത്തു നിന്നും അര കിലോ മീറ്റര്‍ മാത്രമേ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. അവിടെ കൊണ്ടുപോകാതെ 10 കിലോ മീറ്റര്‍ അകലെയുള്ള കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. മരണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ അധികാരികളുടെ പീഡനത്താല്‍ പാവങ്ങളുടെ ഡോക്ടര്‍ ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

കരുളായി വണ്ടൂരില്‍ ജോലിചെയ്തിരുന്ന ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും ശിരുവാണിയിലേക്കും മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറുടെ ഹിയറിങിനു ശേഷവും നാട്ടിലേക്ക് നിയമനം നല്‍കാത്തതിനാല്‍ ഷാനവാസ് അവധിയിലായിരുന്നു. തന്റെ സ്ഥലംമാറ്റത്തില്‍ അധികാരികള്‍ക്കെതിരെ ഷാനവാസ് നേരത്തെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്.

Related News

ചാരിറ്റിയുടെ മറവില്‍ ചീറ്റിംഗ്! വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പ്രതി ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡര്‍

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles