ഇതുവരെ ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും സിനിമകളിലും എഴുത്തിലൂടെയുമെല്ലാം വര്‍ണിച്ചിട്ടുള്ള യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പഠനം. നീണ്ടു മെലിഞ്ഞ ശരീര പ്രകൃതിയും വെളുത്ത വര്‍ണവും നീളന്‍ മുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരാണെന്നുമാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഫൊറന്‍സിക് വിഭാഗം വിദ്ഗ്ധന്‍ റിച്ചാര്‍ഡ് നീവ് വ്യക്തമാക്കുന്നത്. പുരാവസ്തു ശാസ്ത്രവും ഫൊറന്‍സിക് പഠനരീതികളുടേയും അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിയാണ് റിച്ചാര്‍ഡിന്റെ കണ്ടെത്തല്‍. ഏറെക്കാലത്തെ പഠന ശേഷമാണ് യേശുക്രിസ്തുവിന്റെ മുഖത്തിന്റെ ഘടന റിച്ചാര്‍ഡ് നീവ് തയ്യാറാക്കിയത്.

Related image

കാലങ്ങളായി വിവരിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപഘടനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ രൂപമെന്നതാണ് വസ്തുത. ഇരുണ്ട നിറമുള്ള ആരോഗ്യമുള്ള ശരീരമുള്ള ക്രിസ്തുവിന് നീളം കുറവുള്ള ചുരുണ്ട മുടിയാണെന്നും നീളം കുറഞ്ഞ താടിയും കണ്ണുകള്‍ക്ക് ഇരുണ്ട നിറമാണെന്നുമാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. ക്രിസ്തുവിന്റെ ചിത്രങ്ങള്‍ തയ്യാറാക്കിയവര്‍ ആദ്യ കാലങ്ങളില്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെ ചുറ്റിപ്പറ്റി തയ്യാറാക്കിയതാണ് നിലവിലെ ക്രിസ്തുവിന്റെ രൂപമെന്നുമാണ് റിച്ചാര്‍ഡ് വിശദമാക്കുന്നത്.

ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയിരിക്കുന്നത്. പുരാവസ്തു ഗവേഷകരുടെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പ്രാഥമിക രൂപഘടന തയ്യാറാക്കുന്നതില്‍ ബൈബിളില്‍ നിന്ന് തന്നെയാണ് സൂചനകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. തലയോട്ടിയുടെ രൂപവും ആകാരവും ഇപ്രകാരം തയ്യാറാക്കിയെങ്കിലും ക്രിസ്തുവിന്റെ നിറം കൃത്യമായി കണ്ടെത്താന്‍ വീണ്ടും വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഫോറന്‍സിക്, പുരാവസ്തു ശാസ്ത്രം എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനഫലമാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ സഹായകരമായതെന്നാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടിലെ ഭക്ഷണരീതികളും ജീവിത ശൈലികളും ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കിയെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. നിലവിലെ ക്രിസ്തുവിന്റെ രൂപം തയ്യാറാക്കിയതിന്റെ പിന്നില്‍ റോമാക്കാരുടെ പ്രചാരണവുമുണ്ടെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നത്. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ ബൈബിളിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുവിന്റെ രൂപത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് റിച്ചാര്‍ഡിന്റെ അവകാശവാദം.