ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കൗമാരപ്രായത്തിൽ സിറിയയിലെ ഐ എസ് ഐ എസ് ചേരാൻ നാടു വിട്ടു പോയതാണ് ഷമീമ ബീഗം. ബ്രിട്ടനിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളിൽ ഇളയവൾ ആയിരുന്നു. സിറിയയിൽ എത്തി പത്താം ദിവസം തന്നെ യാഗോ എന്ന പരിവർത്തിത മുസ്ലീമിനെ വിവാഹം കഴിച്ച ബീഗത്തിന് ജാറ എന്ന ഒരു ആൺകുട്ടി ഉണ്ടായി. എന്നാൽ ഒരാഴ്ച പ്രായമുള്ളപ്പോൾ അവൻ ന്യൂമോണിയ ബാധിച്ചു മരിക്കുകയായിരുന്നു.

തന്റെ മാനസികാരോഗ്യം തകരാറിൽ ആണെന്നും താൻ അവിടെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിലെ പോലെയല്ല, കൂടെ കഴിയുന്നവർക്ക് എത്ര പറഞ്ഞാലും താൻ അനുഭവിച്ചത് ഒന്നും മനസ്സിലാവില്ല എന്ന് അവൾ കണ്ണീരോടെ പറയുന്നു. അവിടെ കുട്ടികളെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് സ്ത്രീകൾ. എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് പ്രതീക്ഷയുണ്ടെന്നും അവൾ പറഞ്ഞു.

എന്നാൽ രാജ്യസുരക്ഷയാണ് വലുതെന്നും ഒരിക്കൽ തീവ്രവാദത്തിലേക്ക് പോയവർക്ക് മടങ്ങിവരാൻ സാധ്യമല്ലെന്നും ഹോം സെക്രട്ടറിയായ പ്രീതി പറഞ്ഞു. ഇനി ബംഗ്ലാദേശിലേക്ക് പോവുക എന്ന ഒരു വഴി മാത്രമേ ബീഗത്തിനു ബാക്കിയുള്ളൂ. എന്നാൽ ബംഗ്ലാദേശ് സർക്കാരും രാജ്യത്ത് പ്രവേശിക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.