ലണ്ടന്‍: ഐസിസ് ശാസ്ത്രജ്ഞരും ആയുധ വിദഗ്ദ്ധരും ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിക്കുന്ന ഹൈടെക് ആയുധങ്ങള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹീറ്റ് സീക്കിംഗ് സാങ്കേതികത ഉപയോഗിക്കുന്ന മിസൈലുകളും ഇവര്‍ വികസിപ്പിച്ചിട്ടുണ്ടെന്നാണ് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ സേന ഇറാഖിനു നല്‍കിയ സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഐസിസ് പിടിച്ചെടുത്തിരുന്നു. ഇവയുടെ കാലാവധി കഴിഞ്ഞ തെര്‍മല്‍ ബാറ്ററികള്‍ക്കു പകരം ഐസിസ് വിദഗ്ദ്ധര്‍ തദ്ദേശീയമായി പുതിയവ വികസിപ്പിച്ചതായാണ് വിവരം. ഇത്തരം ഒരു മിസൈലിന്റെ നിര്‍മാണ വീഡിയോ സ്‌കൈ ന്യൂസ് പുറത്തു വിട്ടു.
ഐസിസ് വികസിപ്പിച്ച തെര്‍മല്‍ ബാറ്ററികള്‍ ഉപയോഗിച്ച് പാശ്ചാത്യരുടെ സൈനിക വിമാനങ്ങളും യാത്രാവിമാനങ്ങളും തകര്‍ക്കാന്‍ കഴിയും. ഇവ 99 ശതമാനം കൃത്യതയോടെ തന്നെ ഉപയോഗിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി ഐആര്‍എ അടക്കമുളള ഭീകരസംഘനടകള്‍ക്ക് തെര്‍മല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആയുധങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.

യൂറോപ്പില്‍ രക്തപ്പുഴയൊഴുക്കാനായി ഇവര്‍ ഭീകരസംഘത്തിന് പുതുപുത്തന്‍ ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുന്നു. സിറിയന്‍ നഗരമായ റഖയിലെ ജിഹാദി സര്‍വകലാശാലയില്‍ റിമോട്ട് കണ്‍ട്രോളില്‍  പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളും മറ്റും വികസിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവയുപയോഗിച്ച് ചാവേറുകളില്ലാതെ തന്നെ വിനാശകരമായ ബോംബാക്രമണം നടത്താന്‍ സാധിക്കും. പിടിയിലായ ഐസിസ് ഗവേഷണ സംഘാംഗത്തില്‍ നിന്ന് ലഭിച്ച എട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുളളത്. തുര്‍ക്കി വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ഫ്രീ സിറിയന്‍ ആര്‍മിയാണ് പിടികൂടിയത്.

ഈ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചതായി യുകെയിലെ പ്രത്യേക മുന്‍ ദൗത്യ സേനാംഗമായ മേജര്‍ ക്രിസ് ഹണ്ടര്‍ പ്രതികരിച്ചു. ഐസിസുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഐസിസ് മുമ്പ് പുറത്ത് വിട്ടിട്ടുളള പ്രചാരണ വീഡിയോകളില്‍ അവരുടെ നേട്ടങ്ങള്‍ നമുക്ക് വായിച്ചെടുക്കാനാകും. വിവരങ്ങള്‍ കൈമാറാന്‍ വേണ്ടി മാത്രം തയാറാക്കിയ ദൃശ്യങ്ങളാണ് ഇവ. ഇവര്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ഈ ദൃശ്യങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്. ഭീകരര്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്താണെന്നതും വ്യക്തമാണ്. നാം നേരിടുന്ന വെല്ലുവിളിയുടെ ആഴവും ഈ ദൃശ്യങ്ങള്‍ പറഞ്ഞ് തരുന്നതായി അദ്ദേഹം വ്യക്തമാക്കി.