മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്.

‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് സംഘമാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത ശേഷം ഇയാളെ പൊലീസ് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൂക്കം കൂടുതലായതിനാല്‍ സാധിച്ചില്ല. കാറില്‍ ഒതുങ്ങി ഇരിക്കാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നില്ല. പിന്നീട് ഇറാഖി സ്വാറ്റ് സംഘം ഫ്‌ളാറ്റ് ബെഡ് പിക്ക്അപ്പ് ട്രക്ക് കൊണ്ടുവരികയായിരുന്നു. ന്യൂയോര്‍ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമാണ് സ്വാറ്റ്.

ഐഎസിലെ പ്രമുഖ നേതാവും പ്രകോന പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്‌ത വ്യക്തിയാണ് മുഫ്‌തി അബു അബ്‌ദുൾ. ഐഎസുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ഇസ്‌ലാമിക പണ്ഡിതന്മാരെ വധിക്കുന്നതിന് മുഫ്‌തി ഫത്വകള്‍ പുറത്തിറക്കിയിരുന്നു. ഇസ്ലാമിക പണ്ഡിതൻമാരെ കൊലപ്പെടുത്തണമെന്ന ആഹ്വാനം ഐഎസിനു വേണ്ടിയുള്ളതാണെന്നാണ് വിലയിരുത്തൽ.

ഐഎസുകാർക്കേറ്റ കനത്ത തിരിച്ചടിയെന്നാണ് മുഫ്‌തിയുടെ അറസ്റ്റിനെ തീവ്ര ഇസ്‌ലാമികതയ്‌ക്ക് എതിരായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് നവാസ് വിശേഷിപ്പിച്ചത്. മുഫ്‌തിയുടെ ചിത്രവും മജീദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, മുഫ്‌തിയുടെ ശരീരത്തെ പരിഹസിക്കുന്നതിനായി ചിത്രം ഉപയോഗിക്കരുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രത്യേകം പറഞ്ഞിരുന്നു.