മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിനി ഐശ്വര്യയുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സ്വയം എടുത്ത തീരുമാനമാണിതെന്നും ഐശ്വര്യ വ്യക്തമാക്കിയ കുറിപ്പ് പൊലീസ് കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ. രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പാണ്  പൊലീസിന് ലഭിച്ചത്.

വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

‘രോഗം കാരണം ഞാന്‍ ഇവിടം വിട്ട് പോകുന്നു. ഭര്‍ത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീര്‍ന്നില്ല. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. എന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്’ എന്നാണു കുറിപ്പില്‍ ഐശ്വര്യ പറയുന്നത്.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ഐശ്വര്യയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്വയം മരുന്നു കുത്തിവച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. മലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമേരിക്കയിലാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടറായ രാഹുൽരാജ് ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡോക്ടർമാർ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാൾ വട്ടംകുളത്തേക്ക് കൊണ്ട് പോയി. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേർന്നത്.