ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത.

കടൽക്കൊല കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യയ്ക്ക് വിജയം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന 2 നാവികർ നടത്തിയ വെടിവയ്പ്പിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

കേസിന്റെ വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർ‌ദേശപ്രകാരം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു.

നാലുവർഷം ഇന്ത്യയിൽ തടവി‍ൽ കഴിഞ്ഞിരുന്ന സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിക്കുകയായിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂലൈലാണ ്അവസാന വാദം കേട്ടത്.

ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.