ബ്രെക്‌സിറ്റില്‍ ലഭിച്ച രഹസ്യ നിയമോപദേശം പുറത്തു വിട്ട് പ്രധാനമന്ത്രി തെരേസ മേയ്. കോമണ്‍സില്‍ കഴിഞ്ഞ ദിവസം നേരിട്ട വന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം മേയ് പുറത്തു വിട്ടത്. എന്നാല്‍ ഇതിനും കോമണ്‍സില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു തെരേസ മേയെ കാത്തിരുന്നത്. ഈ നിയമോപദേശം അനുസരിച്ചുള്ള ബ്രെക്‌സിറ്റ് ഡീല്‍ ‘സാമ്പത്തികശാസ്ത്രപരമായ ഭ്രാന്ത്’ എന്നാണ് ഭരണ സഖ്യകക്ഷിയായ ഡിയുപി വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഡിയുപിയുടെ നേതാവായ നിഗല്‍ ഡോഡ്‌സ് ഈ ധാരണയെ നാശകാരിയെന്നാണ് വിശേഷിപ്പിച്ചത്.

അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് നല്‍കിയ നിയമോപദേശത്തില്‍ ഐറിഷ് ബോര്‍ഡര്‍ സംബന്ധിച്ചുള്ള നിര്‍ദേശമാണ് അതൃപ്തിക്ക് കാരണമായത്. ഇതനുസരിച്ച് ചില വിഷയങ്ങളില്‍ ബ്രിട്ടനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മറ്റൊരു രാജ്യമായി പരിഗണിക്കേണ്ടി വരും. ഐറിഷ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കു നീക്കത്തില്‍ പരിശോധനകള്‍ ആവശ്യമായി വരും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരണമെന്നായിരുന്നു മേയ്ക്ക് ലഭിച്ച നിയമോപദേശം. ഇത് അവതരിപ്പിച്ചതോടെ പ്രധാനമന്ത്രി കോമണ്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു.

വസ്തുതകളെ മറച്ചുവെക്കുകയാണ് ഈ നിയമോപദേശമെന്ന ആരോപണവുമായി എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം നുണ പറയുന്നുവെന്ന ആരോപണമുയര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ രംഗത്തു വരികയും ചെയ്തു. രഹസ്യ രേഖയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും അന്തിമ ധാരണയിലെത്തിയില്ലെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീളുകയുള്‌ളുവെന്ന് കോക്‌സും തെരേസ മേയും വ്യക്തമാക്കിയിരുന്നു.