കുട്ടികളില്ലാത്തവര്‍ ചികിത്സക്കായി സമീപിക്കുന്ന ഐവിഎഫ് ക്ലിനിക്കുകള്‍ അനാവശ്യമായ ചിക്തിസാനുബന്ധ വസ്തുക്കള്‍ നല്‍കി കൊള്ള നടത്തുന്നുവെന്ന് ആരോപണം. 3500 പൗണ്ട് വരെ വില വരുന്ന ആഡ് ഓണുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ച് വളരാന്‍ സഹായിക്കുന്ന ‘പശ’ വരെ ഈ വിധത്തില്‍ ചികിത്സക്കായി എത്തുന്നവരെക്കൊണ്ട് വാങ്ങിപ്പിക്കാറുണ്ടത്രേ. എന്നാല്‍ ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വസ്തുക്കള്‍ എന്തെങ്കിലും പ്രയോജനമുണ്ടാക്കുന്നതായി യാതൊരു തെളിവുകളും ഇല്ലെന്ന് ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി അതോറിറ്റി വ്യക്തമാക്കുന്നു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകളാണ് ഈ കൊള്ളയ്ക്ക് കുപ്രസിദ്ധമെന്നും റെഗുലേറ്റര്‍ അറിയിക്കുന്നു.

ഇത്തരം വസ്തുക്കള്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടില്ലെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകള്‍ നല്‍കുന്ന ഈ ആഡ് ഓണുകള്‍ പരീക്ഷിക്കുന്നതിലേക്ക് ചികിത്സ തേടുന്ന ദമ്പതികളെ മനഃപൂര്‍വം തള്ളിയിടുകയാണ് ക്ലിനിക്കുകള്‍ ചെയ്യുന്നതെന്ന ആരോപണം നാളുകളായി ഉയരുന്നുണ്ട്. എച്ച്ഇഎഫ്എ അബദ്ധത്തില്‍ പുറത്തു വിട്ട രേഖയിലാണ് ഈ പ്രസ്താവനയുള്ളത്. ഈ ആഡ് ഓണുകളില്‍ ചിലത് ഗര്‍ഭധാരണ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിനും വൃക്ക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.

വിഷയത്തില്‍ അക്കാഡമിക്കുകളും വിദഗ്ദ്ധരും ആശങ്കകള്‍ പങ്കുവെച്ചതോടെയാണ് എച്ച്ഇഎഫ്എ ഈ പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ഡോക്ടര്‍മാരുടെ ഡ്യൂട്ടിയാണെന്നും അതില്‍ കച്ചവട താല്‍പര്യങ്ങളും രോഗികളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സ്വാധീനം ചെലുത്തരുതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 2016ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവിഡെന്‍സ് ബേസ്ഡ് മെഡിസിന്‍ 27 ആഡ ഓണുകളില്‍ നടത്തിയ വിലയിരുത്തലില്‍ 26 എണ്ണവും ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു.