സ്വന്തം ലേഖകന്‍
യുകെ മലയാളികളുടെ ചരിത്രത്തില്‍ ഇടം പിടിച്ച ഒരു ദിനമായിരുന്നു ഇന്നലെ കടന്ന്‍ പോയത്. ഐഇഎല്‍ടിഎസ് സ്കോറിംഗ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് വെളിയിലുള്ള കുടിയേറ്റക്കാരോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) ഇന്നലെ നടത്തിയ പാര്‍ലമെന്റ് ലോബിയിംഗ് വന്‍ വിജയമായി എന്ന്‍ വേണം പറയാന്‍. നിരവധി എം.പിമാര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ചതും ഇതിനായി തങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടും എന്ന്‍ പറഞ്ഞതും ശുഭ ലക്ഷണമായി വേണം കരുതാന്‍.

ഐഡബ്ല്യുഎ ദേശീയ ഭാരവാഹികളായ ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ സിംഗ്, ബൈജു തിട്ടാല, സുഗതന്‍ തെക്കെപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ലോബിയിംഗില്‍ വന്‍ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്. ഐ ഡബ്ല്യു എ യുടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൊണ്ട് ഹാള്‍ നിറഞ്ഞതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുമായി എം.പിമാരെ കാണാന്‍ എത്തിയവര്‍ ഇടനാഴിയിലും മറ്റും നിന്ന്‍ എംപിമാരോട് സംസാരിച്ച് തിരികെ പോവുകയായിരുന്നു.

IMG_0741

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത നഴ്സുമാര്‍ എത്ര വര്‍ഷം ഇവിടെ ജോലി ചെയ്താലും പിന്നെയും അവര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോറിംഗ് 7.5 ഉണ്ടെങ്കില്‍ മാത്രമേ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നയത്തില്‍ വിവേചനം ഉണ്ട് എന്ന്‍ എം.പിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്നലത്തെ വിജയം. പത്ത് വര്‍ഷത്തിലധികം യുകെയില്‍ താമസിക്കുകയും ഇവിടെ പൗരത്വം ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ പോലും ഐഇഎല്‍ടിഎസ് എന്ന കടമ്പ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന്‍ ഐഡബ്ല്യുഎ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭൂരിപക്ഷം എം.പിമാരും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു.

കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ ഷെയ്സ്നെര്‍, ഈലിംഗ് എം. പി. വീരേന്ദര്‍ ശര്‍മ്മ, ഐല്‍വര്‍ത്ത് എം.പി. റൂത്ത് കാന്റര്‍ബറി, സ്കോട്ട്ലന്റ് എം.പി. ഡോ. ലിസ കാമറോണ്‍, നോട്ടിംഗ്ഹാം സൗത്ത് എം.പി. ലിലിയന്‍ ഗ്രീന്‍വുഡ്, ഡെര്‍ബി എം.പി. മാര്‍ഗരറ്റ് ബെക്കറ്റ്, ഗ്ലോസസ്റ്റര്‍ എം.പി. റിച്ചാര്‍ഡ് ഗ്രഹാം തുടങ്ങിയവര്‍ ഐഡബ്ല്യുഎ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താമെന്ന് യോഗത്തില്‍ പറഞ്ഞു.

IMG_0764

യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നും നഴ്സിംഗ് ഡിഗ്രി എടുത്ത് ഇവിടെ വന്ന് കെയറര്‍മാരായും മറ്റും നിരവധി വര്‍ഷങ്ങള്‍ പണിയെടുത്തവരോട് പോലും ഈ മാനദണ്ഡം ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദത്തിനും പിന്തുണ ലഭിച്ചു. ഈ വിഷയം ഉന്നയിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ യുകെയിലുടനീളം നടത്തി വരുന്ന കാമ്പയിന് ലഭിച്ച ജനപിന്തുണയുടെ അടയാളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ആണ് ഇന്നലെ പാര്‍ലമെന്റില്‍ എത്തി ചേര്‍ന്നത്.

യുകെയിലെ നഴ്സിംഗ് രംഗത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ ആര്‍സിഎന്‍, യൂനിസെന്‍ എന്നിവരുടെ പ്രതിനിധികളും ഐഡബ്ല്യുഎയ്ക്കൊപ്പം കൈ കോര്‍ക്കാന്‍ ഇന്നലെ എത്തിയിരുന്നു. ആര്‍സിഎന്‍ ഓപ്പറേഷനല്‍ മാനേജര്‍ നോറ ഫ്ലാനഗന്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഇവാന്‍ റസ്സല്‍, യൂനിസെന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ സൂസന്‍ ക്യുവേ എന്നിവര്‍ ഇന്നലത്തെ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിച്ചു. നാല്‍പ്പതിനായിരത്തോളം മലയാളി നഴ്സുമാര്‍ ഈ രണ്ട് സംഘടനകളില്‍ അംഗങ്ങളായി ഉണ്ടെന്ന കാര്യം മനസ്സിലാക്കിയുള്ള നിലപാട് ആയിരുന്നു ഇരു സംഘടനാ പ്രതിനിധികളും എടുത്തത്.

IMG_0740

നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ട് കൂടി ഐഡബ്ല്യുഎ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് നേരെ കണ്ണടച്ച് നിന്ന യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുക്മയും ഒടുവില്‍ ഐഡബ്ല്യുഎയുടെ സമരമുഖത്ത് പിന്തുണയുമായി എത്തിയത് ഐഡബ്ല്യുഎ പ്രതിനിധികള്‍ക്ക് ആവേശം കൂട്ടി. യുക്മയുടെ സ്ഥാപക പ്രസിഡണ്ടും സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗവുമായ വര്‍ഗീസ്‌ ജോണ്‍, മിഡ്ലാന്‍ഡ്‌സില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗം അനില്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് യുക്മ പ്രതിനിധികള്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെ മലയാളികളെ ദോഷകരമായി ബാധിക്കുമായിരുന്ന പി.ആര്‍ പ്രശ്നത്തിലും പാസ്പോര്‍ട്ട് സറണ്ടര്‍ പ്രശ്നത്തിലും ഒക്കെ യുക്മ സജീവമായി രംഗത്ത് ഇറങ്ങിയത് വര്‍ഗീസ്‌ ജോണ്‍ പ്രസിഡണ്ട് ആയിരുന്ന കാലത്തായിരുന്നു.

IMG_0760

പോള്‍ മാത്യൂസ്, എബിന്‍ ജോസ്, ജിജി നട്ടാശ്ശേരി, ഷാജി, അഭിലാഷ് ബാബു, നോയല്‍ തോമസ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ ഭാരവാഹികളും ഇന്നലെ പാര്‍ലമെന്‍റ് ലോബിയിംഗില്‍ പങ്കെടുത്തിരുന്നു. ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ഡെര്‍ബി, കേംബ്രിഡ്ജ്, ലണ്ടന്‍, ബോണ്‍മൌത്ത് തുടങ്ങി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ഇന്നലെ ലണ്ടനില്‍ ഐഡബ്ല്യുഎ നടത്തിയ സമരത്തില്‍ പങ്കാളികളായി.

IMG_0739

എണ്ണായിരത്തില്‍ അധികം വരുന്ന കെയറര്‍ രംഗത്ത് ജോലി ചെയ്യുന്ന നഴ്സിംഗ് യോഗ്യതയുള്ളവരെ നേരിട്ട് ബാധിക്കുന്ന ഈ കാര്യത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തി വരുന്ന ഈ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാനുള്ള ബാധ്യത എല്ലാ മലയാളികള്‍ക്കും ഉള്ളതാണ്.  ഈ ആവശ്യം അംഗീകരിക്കും വരെ ഐഡബ്ല്യുഎ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടാന്‍ ഓരോരുത്തരും തയ്യാറാകണം. കരുത്തുറ്റ ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സാന്നിദ്ധ്യം യുകെയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ ഇത് പോലുള്ള ജനകീയ പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്.

IMG_0769

ഇന്നലെ നടന്ന പാര്‍ലമെന്റ് ലോബിയിംഗിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക