ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഇയാന്‍ ഹ്യൂം അറിയിച്ചു. പരിക്ക് കാരണമാണ് സൂപ്പര്‍ താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്നു കൊല്‍ക്കത്തയുമായി നിര്‍ണായക മല്‍സരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്.

‘പോരാളികള്‍ വീണുപോകില്ല. പതിന്മടങ്ങു വീര്യത്തോടെ മടങ്ങിയെത്തും. കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനു സീസണിലെ മറ്റു കളികള്‍ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാന്‍ പ്രാര്‍ഥിക്കാം’ കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റു ചേര്‍ത്ത് ഇയാന്‍ ഹ്യൂം വികാരനിര്‍ഭര കുറിപ്പാണു പങ്കുവച്ചത്. ‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്‌നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.’ ഹ്യൂം പറഞ്ഞു. പൂനെയ്‌ക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിനാണ് ഹ്യൂമിന് പരിക്കേറ്റത്.

സസ്‌പെന്‍ഷനിലായ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും ഇയാന്‍ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്‌സ് ഇന്നു കളിക്കാന്‍ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതേസമയം 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍.

ഇന്ന് ജയിക്കാനായാല്‍ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകള്‍ നിലനിര്‍ത്താന്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിനെ ജയിച്ചേ മതിയാകൂ.