40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ ജബ്ബാര്‍ അങ്ങകലെ സൗദിയിലെ റിയാദിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കസ്റ്റമേഴ്‌സിനെ തൃപ്തനാക്കുകയാണ്. അഞ്ചു വര്‍ഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ‘ഉസ്താദ്’ എന്നാണ് അറിയപ്പെടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം വിനീത് ശ്രീനിവാസന്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്ന ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.

കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയില്‍ എത്തി. 1978 ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്‌ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍. എഴുത്ത് മാത്രമല്ല, ജബ്ബാര്‍ നന്നായി പാടുകയുെ ചെയ്യും.

പതിനാറ് വയസ്സ് മുതല്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോള്‍ ഏഴാം സ്വര്‍ഗത്തിലായി ജബ്ബാര്‍.

ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്!കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. നാലു പതിറ്റാണ്ടിനു ശേഷവും തന്റെ വരികള്‍ തലമുറ ഏറ്റുവാങ്ങുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമെന്താണ് കിട്ടാന്‍ എന്ന ഭാവമാണ് അദ്ദേഹത്തിന്. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകനെ കടാതെ ഒരു മകള്‍ കൂടിയുണ്ട്, റഫീദ.

[ot-video][/ot-video]