ദിലീപിനെ നായകനാക്കി സ്‌പീഡ് എന്ന സിനിമയൊരുക്കിയ എസ്.എൽ പുരം ജയസൂര്യയുടെ മൂന്നാമത്തെ ചിത്രമായ ജാക്ക് &ഡാനിയേൽ ഒരു കള്ളനും പൊലീസും കളിയാണ്. സിനിമ പറയുന്ന കഥ ദശാബ്ദം മുമ്പ് മറ്റൊരു പേരിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. ദിലീപിനെ വീണ്ടും നായകനാക്കി ഒരു സിനിമയൊരുക്കുമ്പോൾ ക്രൈം ത്രില്ലറിന്റെ കഥാപശ്ചാത്തലം ഒന്നു മാറ്റിപ്പിടിച്ചിരുന്നേൽ പിന്നെയും ഈ സിനിമ പ്രേക്ഷകർക്ക് ശുഭരാത്രി സമ്മാനിച്ചേനേ.

ജാക്ക് & ഡാനിയേൽ

ജാക്ക് എന്ന കൊടുംകള്ളനും അയാളെ പിടിക്കാൻ ഡൽഹിയിൽ നിന്നെത്തുന്ന സി.ബി.ഐ ഓഫീസറായ ഡാനിയേൽ അലക്‌സാണ്ടറുമാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഇവർ തമ്മിൽ ബുദ്ധിയും ശക്തിയും കൊണ്ട് നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഈ പോരാട്ടത്തിൽ ആര് ജയിക്കും. കള്ളൻ പിടിക്കപ്പെടുമോ?​ പൊലീസുകാരനെ അയാൾ കബളിപ്പിച്ച് രക്ഷപ്പെടുമോ എന്നതിനാണ് സിനിമ ഉത്തരം തേ‌ടുന്നത്.

ബാങ്കുകളിൽ നിന്ന് കോടികൾ മോഷ്ടിക്കുന്ന ജാക്ക് ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് തന്റെ ഓപ്പറേഷൻ നടത്തുന്നത്. ഡൽഹിയിൽ നിന്നെത്തുന്ന ഡാനിയേൽ എന്ന എൻകൗണ്ടർ സ്‌ പെഷ്യലിസ്റ്റ്,​ ക്രൈംബ്രാഞ്ച് തലകുത്തി നിന്നിട്ടുപോലും തുമ്പുണ്ടാക്കാനാകാത്ത കേസുകളിലെ പ്രതി ജാക്ക് ആണെന്ന് മനസിലാക്കുന്നു. പിന്നെ അവർ തമ്മിലുള്ള ശരിക്കും കള്ളനും പൊലീസും കളിയാണ്. റോബിൻഹുഡ് എന്ന സിനിമ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല. എ.ടി.എം മോഷണം നടത്തുന്ന പൃഥ്വിരാജ് അവതരിപ്പിച്ച വെങ്കിടേഷ് എന്ന കഥാപാത്രത്തെ പിടിക്കാൻ സുഹൃത്ത് കൂടിയായ നരേൻ അവതരിപ്പിച്ച ഫെലിക്സ് എത്തുന്ന കഥ. ഇവി‌ടെയും ലൈൻ അത് തന്നെ. കള്ളനെ തിരിച്ചറിഞ്ഞു കഴിഞ്ഞതോടെ പിന്നെ ജാക്കും ഡാനിയേലും തമ്മിൽ വെല്ലുവിളികളാണ്. ക്യാച്ച് മി ഇഫ് യു ക്യാൻ എന്ന സ്റ്റീവൻ സ്പിൽബർഗ് സിനിമ പോലെ. കൂടെയൊരു എലിയും പൂച്ചയും കളി. ഇക്കഥയിൽ ആര് ജയിക്കും എന്നത് തിയേറ്ററിൽ നിന്ന് കണ്ടറിയാൻ വിടുന്നു

എസ്.എൽ പുരം ജയസൂര്യ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പറഞ്ഞുപഴകിയ വഴികളിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകരെ തെളിക്കുന്നതിനാൽ ആവേശം കൊള്ളിക്കുന്ന രംഗങ്ങളോ കഥാമുഹുർത്തങ്ങളോ ഒന്നുംതന്നെ സിനിമയിലില്ല. തിരക്കഥയുടെ ബലക്കുറവ് സിനിമയിൽ നിഴലിച്ചുകാണാം. മുമ്പിറങ്ങിയ സിനിമകൾ ഇത്തരം പ്രമേയം ചർച്ച ചെയ്‌തതാണെന്ന കാര്യം പോലും ചിന്തിക്കാതെയാണ് തിരക്കഥ രചിച്ചിരിക്കുന്നതെന്നാണ് ഏറ്റവും ദു:ഖകരം. ഒറ്റവാക്കിൽ പറഞ്ഞാൽ പഴയവീഞ്ഞിന് പുതിയ കുപ്പി എന്നുമാത്രം. ജാക്ക് & ‌ഡാനിയേൽ എന്നത് വിലയേറിയ ഒരു വിസ്‌കിയാണ്. അതിന്റെ മൂല്യത്തിനോളമെത്തുന്നില്ലെങ്കിലും ഒരെണ്ണം അടിച്ചാൽ ലഭിക്കുന്ന അനുഭൂതി നൽകാനെങ്കിലും ശ്രമിക്കാമായിരുന്നു.

രാഷ്ട്രീയക്കാരും വമ്പൻ ബിസിനസുകാരും നിക്ഷേപിക്കുന്ന കള്ളപ്പണമാണ് ജാക്ക് മോഷ്ടിക്കുന്നതെങ്കിലും മോഷണം കുറ്റമല്ലാതാകില്ലല്ലോ. എന്നാൽ,​ ഈ സിനിമയിൽ കള്ളപ്പണ മോഷണമെന്ന ക്രൈമിനെ വെള്ള പൂശാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേനകളിൽ ഒന്നായ ഇന്ത്യൻ ആർമിയെ കൂട്ടുപിടിക്കണ്ടായിരുന്നു. അതിനുവേണ്ടി പഴയൊരു എൻ.എസ്.ജി കമാൻഡോ കഥയും സംവിധായകൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ അഴിമതികൾക്കെതിരെ സ്വയം പ്രഖ്യാപിത ഒളിയുദ്ധങ്ങളുമായി ഇറങ്ങിയാൽ പിന്നെ നിയമവാഴ്ചയ്ക്ക് എന്തു വിലയാണുള്ളതെന്നും ഇത്തരം രംഗങ്ങളിലൂടെ എന്ത് സന്ദേശമാണ് സംവിധായകൻ നൽകുന്നതെന്ന ചോദ്യവും പ്രേക്ഷകന്റെ മനസിലുയർന്നേക്കാം. തീർന്നില്ല,​ മുടിനാരിൽ നിന്ന് കേസ് തെളിയിച്ച കേരള പൊലീസ് വെറും വിഡ്ഡികളാണെന്നും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. അത് പറയിക്കാൻ തിരഞ്ഞെടുത്തത് ആഭ്യന്തര മന്ത്രിയെ ആണെന്നതാണ് അതിലും അത്ഭുതകരം.

ട്രെയിലറൊക്കെ കണ്ടപ്പോഴുണ്ടായ ആവേശമൊക്കെ സിനിമ കാണുന്നതോടെ തീരും. സാങ്കേതികത്തികവിന് പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും സിനിമയ്ക്ക് വോൾട്ടേജ് അത്ര പോര. സംഘട്ടന രംഗങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്. രണ്ടാംപകുതിയിൽ ട്വിസ്റ്റുകളൊക്കെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ദുർബലമാണ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ എയ്ഞ്ചൽ ജോൺ എന്ന സിനിമ സമ്മാനിച്ച ദുരന്തത്തിൽ നിന്ന് സംവിധായകൻ മോചിതനായിട്ടില്ലെന്ന് തോന്നും ഈ സിനിമ കണ്ടാൽ. സംവിധാനത്തിൽ മികച്ചുനിന്നില്ലെന്ന് മാത്രമല്ല​ തിരക്കഥാരചനയിൽ മുന്നേറാനുമായില്ല എന്നതാണ് സംവിധായകന്റെ ഇപ്പോഴത്തെ സ്ഥിതി.

തമിഴിലെ ആക്ഷൻ കിംഗ് അർജുൻ സർജ മികച്ച ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫൈറ്റ് സീനുകളിൽ ദിലീപും അർജുനും ഒപ്പത്തിനൊപ്പമാണ്. ദിലീപാകട്ടെ കുറച്ച് സ്റ്റൈലിലും ഇന്റലക്ച്വൽ ആയുമാണ് പ്രത്യക്ഷപ്പെടുന്നത്. നായികയായെത്തിയ അഞ്ജു കുര്യന് പതിവ് ദിലീപ് ചിത്രങ്ങളിലെതു പോലെ ജാക്കിന്റെ വാലിത്തൂങ്ങി നടക്കാനാണ് വിധി. ജനാർദ്ദനൻ, ഇന്നസെന്റ്, സൈജു കുറുപ്പ്, അശോകൻ, പൊന്നമ്മ ബാബു, ദേവൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പിന്നെ ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നും അതിഥിയായെത്തുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതം സിനിമയ്ക്കൊരു മൂഡൊക്കെ സമ്മാനിക്കുന്നുണ്ട്. ശിവകുമാർ വിജയന്റെ ഛായാഗ്രഹണവും മികച്ചതാണ്.