തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒരു വര്‍ഷം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ കൂടുതല്‍ ദിനങ്ങളില്‍ പുറത്ത് നിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രാനുമതി തേടേണ്ടതുണ്ട്. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചതായിട്ടാണ് സൂചന.

ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍ കാത്തിരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനെതിരെ അനാരോഗ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കൂടാതെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളും അന്വേഷണക്കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.

നിരവധി തവണയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ പുറത്ത് നിര്‍ത്താന്‍ തന്നെയാവും കമ്മീഷന്റെ തീരുമാനം. അതേസമയം സസ്‌പെന്‍ഷന്‍ കാലവധിയില്‍ കഴിയുമ്പോള്‍ പോലും സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളിലൂടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.