കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ പ്രതിരോധത്തിലാക്കി വൈദികരുടെ മൊഴി. അന്വേഷണസംഘം നാലു വൈദികരുടെ മൊഴി എടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ അറിയിച്ചു. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ക്രമസമാധാന നില പരിശോധിച്ച ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക.
.
വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തിയിരിക്കുന്നത്. ബിഷപ്പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്.

ബിഷപ്പിന്റെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്നലെ വിശ്വാസികള്‍ ജലന്ധറില്‍ എത്തി തങ്ങിയിരുന്നു. ഒരാഴ്ച മുന്‍പാണ് സൈബര്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ജലന്ധറില്‍ എത്തിയത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 55 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി ആണ് തയ്യാറാക്കിയിട്ടുള്ളത്.