ന്യൂസ് ഡെസ്ക്:

സൂര്യ ഇന്ത്യ കലാതിലകം 2018 ജാനറ്റ് ചെത്തിപ്പുഴക്ക്. ഇന്നലെ സമാപിച്ച കേളി ഇന്റർനാഷണൽ കലാമേളയിൽ ജാനറ്റ് ചെത്തിപ്പുഴ വിജയകിരീടമണിഞ്ഞു. നൃത്ത സംഗീത ഇനങ്ങളിൽ ഒന്നാം സമ്മാനങ്ങൾ കരസ്ഥമാക്കിയാണ് ഈ വിജയകിരീടത്തിനു അർഹയായത്. സ്വിറ്റ്‌സർലാൻഡിലെ മിക്കവേദികളിലെയും നിറസാന്നിധ്യമാണ് ജാനെറ്റിപ്പോൾ. ജാനറ്റ് ആലപിക്കുന്ന ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചു കുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഭാവുകങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കരകവിഞ്ഞൊഴുകുന്ന പുഞ്ചിരി കൊണ്ടും ജാനറ്റ് ഇതിനോടകം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. ഈ കൊച്ചു വാനമ്പാടി ഗാനങ്ങള്‍ പാടുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെയും മനസുകള്‍ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും.സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഈ കൊച്ചു മിടുക്കി രണ്ടാം വയസ്സിൽ ജാനെറ്റിനു വേണ്ടി അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകൾ എറ്റു പാടികൊണ്ട് തന്റെ സംഗീതത്തോടുള്ള ഇഷ്ടം അറിയിച്ചു. തൊടുപുഴ സ്വദേശികളായ സൂറിച് എഗ്ഗിൽ താമസിക്കുന്ന സിബി ,ജിൻസി ദമ്പതികളുടെ മകളാണ് സ്വിസ്സിൽ ജനിച്ച് വളരുന്ന ജാനെറ്റ്. ആലാപനത്തിലെന്നപോലെ നൃത്തത്തിലും കാണികളെ അത്ഭുതപ്പെടുത്തുകയാണ്‌ ജാനറ്റ് . വിവിധ കലാമേളകളിലൂടെ ജാനറ്റ് ഇതിനോടകം നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്. ലോകത്തിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ചെന്നൈയിലും ലണ്ടനിലും വച്ചു നടത്തിയ വേൾഡ് ഓഫ് ഹിഡൻ ഇഡോൾ ഷോ ആദ്യമായി ഈ വർഷം സൂറിച്ചിൽ അരങ്ങേറിയപ്പോൾ ഫൈനൽ മത്സരത്തിൽ ക്ലാസിക്കൽ ഡാൻസിൽ ഭാരതനാട്യത്തിനും, മോഹിനിയാട്ടത്തിനും ഒന്നാം സമ്മാനവും ഓവറോൾ ചമ്പ്യാൻഷിപ്പും നേടി സ്വിസ്സിലെ ഈ കലാപ്രതിഭ ജാനറ്റ് ചെത്തിപ്പുഴ വിജയകതിലകമണിഞ്ഞിരുന്നു.