ദുരൂഹതകൾ ബാക്കിയാക്കി കോട്ടയത്ത് നിന്ന് കാണാതായ ജസ്ന സുഹൃത്തിന് അയച്ച അവസാന മെസേജ് പുറത്ത്. “ഐ ആം ഗോയിങ്‌ ടു ഡൈ” (ഞാന്‍ മരിക്കാന്‍ പോകുന്നു), എന്നായിരുന്നു സന്ദേശം. കാണാതാകുന്നതിനു മുമ്പ്‌ ജെസ്‌ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്‌. ഇതു സൈബര്‍ പോലീസിനു കൈമാറി.

എന്നാല്‍ ഇത് ജസ്ന തന്നെ അയച്ചതാണോ അതോ ജസ്നയുടെ മൊബൈലില്‍ നിന്ന് മറ്റാരെങ്കിലും അയച്ചതാണോ എന്നാണ്പൊലീസ് പരിശോധിക്കുന്നത്. ഒന്നുകില്‍ മരിക്കാന്‍ തീരുമാനിച്ച ജസ്ന അവസാനമായി ഇക്കാര്യം അറിയിക്കാന്‍ വേണ്ടി അയച്ചതായിരിക്കും.അതല്ലെങ്കില്‍ വീട്ടുകാരെയും സുഹൃത്തുക്കളെയും പറ്റിച്ച് ഒളിവില്‍ പോകുന്നതിന് വേണ്ടി ഇറക്കിയ തന്ത്രമായിരിക്കണം. ഇതില്‍ എന്താണ് വാസ്തകവം എന്നുളളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.

നീലനിറത്തിലുള്ള കാറില്‍ ജെസ്‌നയെ കണ്ടെന്ന വിവരമാണ്‌ ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്‌. ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്‌നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ ഇതുവരെ അഞ്ഞൂറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്‌ന മരിയ ജയിംസി(20)നെ മാര്‍ച്ച് 22നാണ് കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്‌ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്‌നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്‌ന

ജസ്‌ന അമ്മായിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. രാവിലെ പത്ത് മണിയോടടുക്കുമ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് മുമ്പ് പിതാവ് ജെയിംസ് പണിസ്ഥലത്തേക്ക് പോയിരുന്നു. സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളേജിലേക്ക് പോയ ശേഷമാണ് ജെസ്‌ന ഇറങ്ങിയത്. ഓട്ടോയില്‍ മുക്കൂട്ടുത്തറയിലെത്തി.

പിന്നീട് ബസില്‍ കയറി. ഓട്ടോ ഡ്രൈവറോട് പറഞ്ഞത് 22ന് ജെസ്‌നക്ക് സ്റ്റഡി ലീവായിരുന്നു. വിദ്യാര്‍ഥിനി വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മായിയുടെ വീട്ടിലേക്ക് പോയത്. സംസാരത്തിനിടെ ഓട്ടോ ഡ്രൈവറോട് ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ബസില്‍ എരുമേലിയിലെത്തി. ശേഷം ജസ്‌നയെ കണ്ടിട്ടില്ല.

ജെസ്‌നയുടെ മൊബൈല്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. കാഞ്ഞിരപ്പള്ളി മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം വിശദമായ പരിശോധനകള്‍ നടത്തിയത്.

ബന്ധുവീട്ടിലുണ്ടാകുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏറെ വൈകിയും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി തന്നെ പോലീസില്‍ പരാതി നല്‍കി. സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. എല്ലാ വഴികളും പോലീസ് പരിശോധിച്ചു. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പരസ്യം കൊടുക്കുകയും അവിടുത്തെ പോലീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

അതിനിടെയാണ് കഴിഞ്ഞ മാസം ബെംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജസ്‌നയെ കണ്ടെന്ന റിപ്പോര്‍ട്ട് വന്നത്. പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മൈസൂരുവിലും പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. അതിനിടെ തമിഴ്‌നാട് പോലീസിന്റെ വിവരം വന്നു. കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ജസ്‌നയുമായി സാമ്യമുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ പരിശോധനയില്‍ അത് മറ്റൊരു യുവതിയുടേതാണെന്ന് ബോധ്യമായി. ഏറ്റവുമൊടുവിലായി ജെസ്നയ്ക്ക് വേണ്ടി വനത്തില്‍ പരിശോധന നടത്തുകയും ചെയ്തു.

അയല്‍ സംസ്ഥാനങ്ങളിലെ മിക്ക പത്രങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇതുവരെ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.