ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്നാണ്  പ്രമുഖ പത്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജെസ്‌നയുടെ അച്ഛൻ വെളിപ്പെടുത്തി. തനിക്കെതിരെ ചില ബോധപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നു. താന്‍ മദ്യപാനിയാണ് എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഇതുവരെയും കരുതിയിട്ടില്ലായിരുന്നു. എന്നാല്‍ ജസ്‌നയെ കാണാതായതിന് ശേഷമാണ് അത്തരമൊരു സംശയം തോന്നുന്നത്. ബിസ്സിനസ്സിന്റെ ഭാഗമായിട്ടാവാം പല കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണം ഉയരുന്നതിന് കാരണം.

തനിക്കെതിരെ സഹോദരന്‍ മൊഴി കൊടുത്തുവെന്ന് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. ആ സഹോദരനും ബിസ്സിനസ്സുകാരനാണ്. ആ വഴിക്കൊക്കെ ചിന്തിക്കുമ്ബോള്‍ സംശയിക്കുന്നു. കാണാതായ ദിവസം ജസ്‌ന മുക്കൂട്ടുതറയില്‍ നിന്നും ഓട്ടോയില്‍ പോയപ്പോള്‍ കാറില്‍ പിന്തുടര്‍ന്നത് താനാണെന്നും ഷോണ്‍ ആരോപിച്ചിരുന്നു. താനന്ന് കാറില്‍ പോയിക്കാണും. എന്നാല്‍ മുക്കൂട്ടുതറയിലെ ഓഫീസിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെ അന്നുണ്ടായിരുന്നു. അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്‌നയെ കണ്ടിട്ടില്ല. പിന്തുടര്‍ന്നു എന്ന് പറയുന്നത് വെറും ആരോപണമാണ്. പിസി ജോര്‍ജും മകനുമാണ് ആദ്യം ജസ്‌നയെ കണ്ടെത്താനുള്ള ഇടപെടലുകള്‍ നടത്തിയത്. എന്നാല്‍ പെട്ടെന്ന് എന്താണ് അവര്‍ക്ക് സംഭവിച്ചത് എന്നറിയില്ല.

ആക്ഷന്‍ കൗണ്‍സിലിന് പിന്നില്‍ ജനപക്ഷത്തിന്റെ ആളുകള്‍ കാണും. അവര്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാവണം പിസി ജോര്‍ജ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. പലതരം ചര്‍ച്ചകളാണ് ജസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്നത്. താന്‍ താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് വന്നവനാണ്. അതുകൊണ്ടൊക്കെയാവും ആരോപണങ്ങള്‍ വരുന്നത്. വീട്ടില്‍ ജസ്‌നയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല. മക്കള്‍ മൂന്ന് പേരും തനിക്ക് ഒരുപോലെ ആണ്. അക്കൂട്ടത്തില്‍ ഏറ്റവും മിടുക്കിയും തന്നെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതും ജസ്‌ന തന്നെയാണ്. ആരും അവളെ മാറ്റി നിര്‍ത്തിയിട്ടില്ല. മറ്റ് രണ്ട് മക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ അതറിയാവുന്നതാണ്. ആളുകള്‍ ഓരോ ഊഹാപോഹങ്ങള്‍ പറയുന്നു.

അന്നത്തെ ദിവസം രാവിലെ താനും ജസ്‌നയും ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കിയത്. തുടര്‍ന്ന് താന്‍ ഓഫീസിലേക്ക് പോയി. ജസ്‌ന വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ഫോണ്‍ വിളിച്ചതൊന്നുമില്ല. വൈകിട്ട് മകന്‍ പലഹാരവും വാങ്ങി വന്നു. രണ്ട് പേരും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ജസ്‌ന ആന്റിയുടെ വീട്ടില്‍ പോയി എന്നാണ് അയല്‍പക്കത്തെ വീട്ടുകാര്‍ തങ്ങളോട് പറഞ്ഞത്. എന്നാല്‍ രാവിലെ പോകുന്ന കാര്യം അവള്‍ പറഞ്ഞിരുന്നില്ല. തലേ ദിവസം അക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് മാത്രം. ആന്റിയുടെ വീട്ടില്‍ വിളിച്ചപ്പോല്‍ ജസ്‌ന അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. എന്നിട്ടും രാത്രി എട്ട് മണി വരെ ജസ്‌ന വരുമെന്ന് കരുതി കാത്തിരുന്നു. മറ്റെവിടെയെങ്കിലും പോയിക്കാണുമെന്നാണ് കരുതിയത്.

എട്ട് മണി കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് തങ്ങള്‍ എരുമേലിക്ക് പോയത്. കോട്ടയത്താണ് തങ്ങളുടെ ബന്ധുക്കള്‍ ഉള്ളത് എന്നതിനാല്‍ അവിടെ അന്വേഷിക്കാം എന്ന് കരുതിയാണ് പോയത്. ബസ് സ്‌റ്റോപ്പിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തന്റെ സുഹൃത്തായ പോലീസുകാരനെ വിളിച്ചു.ജസ്‌നയെ കാണാനില്ലെന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞതനുസരിച്ച്‌ അവിടേക്ക് ചെന്നു. സ്റ്റേഷനില്‍ പോയി പരാതി എഴുതിക്കൊടുത്തു. ജസ്‌നയുടെ ഫോട്ടോ കൊടുത്തു. വീട്ടില്‍ രാത്രി തിരിച്ച്‌ എത്തിയപ്പോള്‍ അയല്‍ക്കാരാണ് ജസ്‌ന ഓട്ടോയില്‍ കയറി പോയതായി പറഞ്ഞത്. തുടര്‍ന്ന് ഓട്ടോക്കാരനോട് പോയി അന്വേഷിച്ചപ്പോള്‍ ജസ്‌ന ബസ്സില്‍ കയറി പോയതായി പറഞ്ഞു. അവളാകെ കൊണ്ട് പോയത് അടുത്ത ദിവസത്തെ പരീക്ഷയ്ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രമാണ്.

മുക്കൂട്ടുതറയിലെ ആന്റിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നാണ് ജസ്‌ന ഓട്ടോക്കാരനോട് പറഞ്ഞത്. സംശയിക്കത്തക്കതൊന്നും ജസ്‌നയുടെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നുവെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. മുക്കൂട്ടുതറയില്‍ നിന്നും ജസ്‌ന കയറിയ ബസ്സില്‍ അവളുടെ സഹപാഠി ഉണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ജസ്‌നയെ കാണാനില്ലെന്ന വാര്‍ത്ത വന്നതിന് ശേഷമാണ് ഇക്കാര്യം അവന്‍ പറയുന്നത്. അവന്റെ വീട്ടില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അന്ന് ബസ്സില്‍ നല്ല തിരക്കായിരുന്നുവെന്നും ജസ്‌ന പിന്‍വാതില്‍ വഴി കയറിയപ്പോള്‍ തന്നെ കണ്ട് ചിരിച്ചെന്നും അവന്‍ പറഞ്ഞു. ആ പയ്യന്റെ അമ്മയുടെ അടുത്താണ് ബസ്സില്‍ ജസ്‌ന നിന്നത്. എരുമേലിയിലാണ് ജസ്‌ന ഇറങ്ങിയത് എന്ന് അപ്പോഴാണ് മനസ്സിലായത്.

മുണ്ടക്കയം ഭാഗത്തേക്കാണ് ജസ്‌ന നടന്ന് പോയത് എന്നും അവന്‍ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ അവളുടെ സുഹൃത്തുകളോടും മറ്റുമാണ് അന്വേഷണം നടത്തിയത്. ജസ്‌നയ്ക്ക് ആരോടെങ്കിലും അടുപ്പം ഉണ്ടായിരുന്നോ എന്നതും ആ വഴിക്ക് പോയതായിരിക്കുമോ എന്നതും ആയിരുന്നു അന്ന് പോലീസുകാര്‍ക്കും തങ്ങള്‍ക്കുമുള്ള സംശയം. കൂടെ പഠിക്കുന്ന പയ്യന് മെസ്സേജ് അയച്ചു എന്നറിയാം. ഇതിന് പിന്നില്‍ ആരോ ഉണ്ട് എന്നാണ് സംശയിക്കുന്നത്. ബിസ്സിനസ് തകര്‍ക്കാനോ മറ്റോ ആകുമെന്ന് കരുതുന്നു. അവളെ ആരോ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന് സംശയിക്കേണ്ട കാര്യങ്ങളാണ് നടക്കുന്നത്.