ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ധര്‍മ്മശാലയില്‍ ലങ്കയെ നേരിടുകയാണ് ജസ്പ്രീത് ബുംറ. എന്നാലിങ്ങ് ദൂരെ തന്റെ മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് ബുംറ അറിയുന്നില്ല. ഗാന്ധി ബ്രിഡ്ജിനും ഡാദിച്ചി ബ്രിഡ്ജിനും മധ്യേയുള്ള സബര്‍മതി നദിയിലാണ് ബുംറയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 കാരനായ സന്തോക് സിംഗ് ബുംറയുടെ മൃതംദേഹം നദിയില്‍ നിന്നും പുറത്തെടുത്തത്.

കൊച്ചു മകന്‍ ജസ്പ്രീതിനെ കാണാനായി അഹമ്മദാബാദിലെത്തിയതായിരുന്നു മുത്തച്ഛന്‍. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സന്തോക് സിംഗിനെ കാണാതായതായി പരാതി നല്‍കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

ഈ മാസം ഒന്നാം തിയ്യതി വരെ സന്തോക് സിംഗ് മകളുടെ വീട്ടിലായിരുന്നു. ഡിസംബര്‍ ആറാം തിയ്യതിയായിരുന്നു ബുംറയുടെ ജന്മദിനം. അന്ന് താരത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കുടുംബക്കാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് കാണാന്‍ നടത്തിയ ശ്രമം ഫലം കണ്ടതുമില്ല. ഇതോടെയാണ് അദ്ദേഹത്തെ കാണാതാവുന്നത്. ഡിസംബര്‍ എട്ടുമുതലാണ് കാണാതാവുന്നത്.

പേരുകേട്ട വ്യാപാരിയായിരുന്ന സന്തോക് സിംഗ് ബൂമ്ര ഉത്തരാഖണ്ഡിലെ കിച്ച ഗ്രാമത്തില്‍ ഇപ്പോള്‍ ഓട്ടോ തൊഴിലാളിയാണ്. ജസ്പ്രീതിന്റെ പിതാവിന്റെ മരണശേഷം വ്യാപാരം നിര്‍ത്തിയ സന്തോക് ഉത്തരാഖണ്ഡിലേക്ക് താമസം മാറുകയായിരുന്നു. ജസ്പ്രീത് ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന മുത്തച്ഛന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.