പ്രധാനമന്ത്രി പദത്തില്‍ നിന്ന് തെരേസ മേയ് പുറത്തു പോകണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെ ഹോം സെക്രട്ടറി സാജിദ് ജാവീദിന് നേതൃസ്ഥാനത്തേക്ക് പിന്തുണയേറുന്നു. തെരേസ മേയ് സ്ഥാനമൊഴിയുന്ന തിയതി ഈയാഴ്ച പ്രഖ്യാപിക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്. അതിനിടെ ലീഡര്‍ഷിപ്പ് പോരാട്ടത്തിനായി ജാവീദിന് 50,000 പൗണ്ട് സംഭാവനയായി ലഭിച്ചു. ബ്രെക്‌സിറ്റ് അനുകൂലികളും പ്രതികൂലികളുമായ ടോറി അനുകൂലികളാണ് ഈ സംഭാവന നല്‍കിയിരിക്കുന്നത്. തെരേസ മേയ് സ്ഥാനമൊഴിയുന്നതോടെ ജാവീദ് നേതൃസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. ബോറിസ് ജോണ്‍സണ്‍, ഡൊമിനിക് റാബ് തുടങ്ങിയവരോടായിരിക്കും ജാവീദിന് മത്സരിക്കേണ്ടി വരിക.

രജിസ്റ്റര്‍ ഓഫ് മെംബേഴ്‌സ് ഇന്ററസ്റ്റില്‍ ഈ തുക അടുത്തയാഴ്ച വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ ജോണ്‍സണിനും റാബിനും ലഭിച്ച തുകയേക്കാള്‍ കുറവാണ് ജാവീദിന് ലഭിച്ചതെന്നും വിവരമുണ്ട്. ഇരുവര്‍ക്കും ഒരു ലക്ഷത്തിലേറെ പൗണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ടോറി നേതൃത്വം കൈകാര്യം ചെയ്യുന്നതില്‍ തെരേസ മേയ്‌ക്കെതിരെ അതൃപ്തി പുകയുകയാണ്. ഇതേത്തുടര്‍ന്നാണ് എംപിമാര്‍ നേതൃസ്ഥാനമൊഴിയണമെന്ന് മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഈയാഴ്ച അവര്‍ സ്ഥാനമൊഴിയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലീഡര്‍ഷിപ്പ് മത്സരത്തില്‍ ഫ്രണ്ട് ബെഞ്ചറായ എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് കൂടി എത്തുമെന്ന് വ്യക്തമായിട്ടുണ്ട്.

മാര്‍ക്കറ്റിംഗ് സ്ഥാപനമായ സണ്‍മാര്‍ക്കിന്റെ സ്ഥാപകനായ റാമി റേഞ്ചര്‍, ഷോര്‍ ക്യാപ്പിറ്റലിന്റെ ഹോവാര്‍ഡ് ഷോര്‍, ഫിനാന്‍സിയര്‍ ആന്‍ഡ്രൂ ലോ, മുന്‍ ടോറി ട്രഷററായിരുന്ന മാര്‍ക്കിന്റെ ഭാര്യ അലക്‌സിയ ഫ്‌ളോര്‍മാന്‍, വിറ്റോള്‍ എന്ന എനര്‍ജി ആന്‍ഡ് കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇയാന്‍ ടെയ്‌ലര്‍ എന്നിവരാണ് ജാവീദിന് സംഭാവന നല്‍കിയവര്‍. ബിസിനസ് സമൂഹത്തില്‍ നിന്ന് ജാവീദിന് ലഭിക്കുന്ന പിന്തുണ തൊഴില്‍ദാതാക്കള്‍ക്ക് നേതാവെന്ന നിലയിലും പാര്‍ട്ടിയെ ഏകോപിപ്പിച്ച് നയിക്കുന്നതിലും അദ്ദേഹത്തിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് ഹോം സെക്രട്ടറിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.