തിരുവനന്തപുരം: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫിലേക്ക് മടങ്ങാനൊരുങ്ങി ജെഡിയു. നേതാക്കളാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവര്‍ ഈ വര്‍ഷം അവസാനത്തോടെ മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി. യുഡിഎഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നെന്നും അവര്‍ വ്യക്തമാക്കി.

ഇടതുപക്ഷമാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പിസവും അടിയൊഴുക്കുമാണ്. യുഡിഎഫ് മുന്നണി ബന്ധത്തെ ഓര്‍ത്ത് പല കാര്യങ്ങളും വിഴുങ്ങേണ്ട അവസ്ഥയാണെന്നും ചാരുപാറ രവി പറഞ്ഞു. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട പലവട്ടം ചര്‍ച്ചകള്‍ നടന്നുവെന്നും രവി വ്യക്തമാക്കി.

പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് ഷേഖ് പി.ഹാരിസ് പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വന്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകും. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും പാര്‍ട്ടിക്ക് മുന്നണിമാറ്റം അനിവാര്യമാണെന്നും ഷേഖ് പി.ഹാരിസ് വ്യക്തമാക്കി.