കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു.

കണ്ണീരോടെ ജനാര്‍ദനന്‍ പറയുന്നതിങ്ങനെ ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു.

പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്റെ മോള് നിന്നു കത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’

തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.