ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള പുതിയ പ്രമേയവുമായി അമേരിക്ക യുഎന്‍ രക്ഷാ സമിതിയില്‍. രണ്ടാഴ്ച മുന്‍പ് യുഎന്‍ രക്ഷാ സമിതിയില്‍ ഈ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ അമേരിക്ക പുതിയ കരട് പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കും. യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്.

മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാകും കരട് പ്രമേയം. ചൈനയുടെ എതിര്‍പ്പാണ് മുന്‍പും ഈ ആവശ്യത്തിന് തിരിച്ചടിയായത്. പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യുഎസ് കൈമാറിയിട്ടുണ്ട്. ചൈന മുസ്ലീം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

യുഎന്‍ രക്ഷാസമിതിയില്‍ വീണ്ടും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഏകപക്ഷീയമായി ജെയ്‌ഷെ ഇ മുഹമ്മദിനെ കരിമ്പട്ടികയില്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ പറ്റില്ലെന്നും പാകിസ്ഥാന്റെ വാദം കൂടി പരിഗണിക്കണമെന്നും പറഞ്ഞാണ് കഴിഞ്ഞ തവണ ചൈന ഈ ആവശ്യത്തെ എതിര്‍ത്തത്.