ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകളായിട്ടും കേവല ഭൂരിപക്ഷം തെളിയിച്ച് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത തെരേസ മേയ്‌ക്കെതിരെ പ്രചാരണവുമായി ലേബര്‍. കണ്‍സര്‍വേറ്റീവ് ത്രിശങ്കു സര്‍ക്കാരിനെതിരെ പ്രചാരണം നയിക്കുന്നത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അതേ ശൈലിയില്‍ത്തന്നെയാണ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികളില്‍ നിന്ന് തിരിച്ചുപിടിച്ച നിര്‍ണ്ണായക സീറ്റുകളില്‍ കോര്‍ബിന്‍ സന്ദര്‍ശനം നടത്തും.

1992 മുതല്‍ 2015 വരെ ലേബറിന്റെ സ്വന്തമായിരുന്ന സൗത്താംപ്റ്റണ്‍ ഇച്ചന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചു പിടിച്ചിരുന്നു. 1950 മുതല്‍ ടോറികള്‍ കൈവശം വെച്ചിരുന്ന ബോണ്‍മൗത്ത് വെസ്റ്റിലും ലേബര്‍ വിജയം നേടി. ഈ സീറ്റുകള്‍ കോര്‍ബിന്റെ സന്ദര്‍ശനത്തില്‍ പ്രഥമ പരിഗണനയിലാണ്. ശരിയായ നേതൃത്വം, ആശയങ്ങള്‍, മറുപടികള്‍ എന്നിവയില്ലാത്ത പ്രേത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തുന്നു.

പേരിന് മാത്രമാണ് ഒരു സര്‍ക്കാര്‍ ഇവിടെയുള്ളത്. മറ്റു പാര്‍ട്ടികളോട് തങ്ങളുടെ നയവും സമീപനവും മാറ്റാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ ഓട്ടം വരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മാറിത്തരണമെന്നും ലേബര്‍ ഔദ്യോഗിക പ്രതിപക്ഷമെന്നതിനേക്കാള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തമായ കക്ഷിയാണെന്നും കോര്‍ബിന്‍ വ്യക്തമാക്കി.