ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടരുന്ന എല്ലാ കര്‍ഷക വിരുദ്ധ നയങ്ങളും അധികാരത്തിലെത്തിയാല്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടോള്‍പുഡില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് സംസാരിക്കവെയാണ് കോര്‍ബിന്റെ പ്രഖ്യാപനം. 2013ലെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചില നയങ്ങള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വേതനം കുറഞ്ഞ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ബെനിഫിറ്റുകള്‍ ഇല്ലാതാക്കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കും. യുകെയിലെ വേതനം കുറഞ്ഞ കര്‍ഷകരെ രൂക്ഷമായി പ്രതിസന്ധിയാലാക്കിയ നയമാണിത്. ഏതാണ്ട് 149 മില്യണ്‍ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് അഗ്രികള്‍ച്ചറല്‍ വെയ്ജ് ബോര്‍ഡിന്റെ നീക്കത്തോടെ ഇല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനമുള്ള ടോള്‍പുഡിലെ കര്‍ഷകരായി രക്തസാക്ഷികളോട് നീതി പുലര്‍ത്താന്‍ ഇത്തരം നിലപാടുകള്‍ക്ക് മാത്രമെ കഴിയൂവെന്നും കോര്‍ബ് ചൂണ്ടിക്കാട്ടുന്നു.

2013ല്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അഗ്രികള്‍ച്ചര്‍ വെയ്ജ് ബോര്‍ഡാണ് 149 മില്യണ്‍ പൗണ്ടിന്റെ ബെനിഫിറ്റുകള്‍ എടുത്തു കളഞ്ഞത്. ഇത് പുനസ്ഥാപിച്ചാല്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വലിയ സഹായകമാവും. ഇവര്‍ക്ക് പെയ്ഡ് ഹോളിഡേ, രോഗമുണ്ടാവുന്ന സാഹചര്യത്തിലുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ തിരികെയെത്തും. കൂടാതെ നൈറ്റ് പേ, കാലാവസ്ഥ ജോലികളെ തടസപ്പെടുത്തുകയാണെങ്കിലുള്ള അഡിഷണല്‍ വേതനം തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭിക്കും. മിനിമം വേതനം ഉറപ്പു വരുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ടോറികള്‍ ചെയ്യുന്നതെന്നും കോര്‍ബ് ആരോപിച്ചു.