ലണ്ടന്‍: ഏത് പ്രായത്തിലുള്ളവര്‍ക്കും തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ വാദ്ഗാനം ചെയ്ത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ത്വരിതവേഗത്തിലുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ തയ്യാറാക്കാനുള്ള ഉദ്യമങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ലേബര്‍ നടപ്പാക്കുമെന്ന കോര്‍ബിന്‍ പ്രഖ്യാപിച്ചത്. എന്‍എച്ച്എസ്, വേതന പ്രശ്‌നങ്ങള്‍ക്കു പിന്നാലെ പാര്‍ട്ടി ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നാണ് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.

21-ാം നൂറ്റാണ്ടിലെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി നാഷണല്‍ എഡ്യുക്കേഷന്‍ സര്‍വീസ് എന്ന പദ്ധതിയും കോര്‍ബിന്‍ പ്രഖ്യാപിക്കും. ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഈ പ്രഖ്യാപനം നടത്തുക. സാങ്കേതികതയുടെ വളര്‍ച്ച തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയല്ല ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് കോര്‍ബിന്‍ വ്യക്തമാക്കുന്നത്.

സാങ്കേതികമായി ഏത് വിപ്ലവം സംഭവിച്ചാലും അതുമൂലം നഷ്ടമാകുന്ന ജോലികള്‍ക്ക് പകരം ചില അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുവരെ കാണാത്ത വിധത്തിലുള്ള അവസരങ്ങള്‍. അതിനായി ജനങ്ങളെ സജ്ജരാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും കോര്‍ബിന്‍ പറയുന്നു. നൈപുണ്യ വികസനത്തിനായി ഇപ്പോള്‍ത്തന്നെ ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ലേബര്‍ തുടക്കം കുറിക്കുന്നതെന്നും കോര്‍ബിന്‍ പ്രസംഗത്തില്‍ വ്യക്തമാക്കും.