ലണ്ടന്‍: ബ്രെക്‌സിറ്റില്‍ സര്‍ക്കാരിനെതിരായ നിലപാട് പ്രഖ്യാപനത്തില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് ഷാഡോ മിനിസ്റ്റര്‍മാരെ ജെറമി കോര്‍ബിന്‍ പുറത്താക്കി. കാതറിന്‍ വെസ്റ്റ്, റൂത്ത് കാഡ്ബറി, ആന്‍ഡി സ്ലോട്ടര്‍ എന്നിവരെയാണ് ഫ്രണ്ട്‌ബെഞ്ചില്‍ നിന്ന് ലേബര്‍ നേതാവ് പുറത്താക്കിയത്. യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും തുടരാനുള്ള ക്വീന്‍സ് സ്പീച്ച് നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യപ്പെട്ടതാണ് ലേബര്‍ നേതൃത്വം ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ കാരണം. വിഷയത്തില്‍ വോട്ടെടുപ്പ് നചക്കുന്നതിനു മുമ്പായി ലേബര്‍ എംപിയായ ഡാനിയല്‍ സെയ്ഷ്‌നര്‍ രാജി പ്രഖ്യാപനവും നടത്തി.

ലേബറിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമാണ് എംപിമാര്‍ സ്വീകരിച്ച നിലപാട്. യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്താന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ബ്രിട്ടന്‍ യൂണിയന്‍ വിടരുതെന്ന നിര്‍ദേശം ചുക ഉമുനയാണ് മുന്നോട്ട് വെച്ചത്. ആകെ 101 എംപിമാര്‍ അനുകൂലിച്ച ഈ നിര്‍ദേശത്തെ ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ്, എസ്എന്‍പി, പ്ലെയ്ഡ് സിമ്രു എന്നീ പാര്‍ട്ടികളും അനുകൂലിച്ചു. എന്നാല്‍ ഹിതപരിശോധനാ ഫലത്തെ ലേബര്‍ അംഗീകരിക്കുമെന്നും ദേശീയ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കുമെന്നുമായിരുന്നു ലേബര്‍ പ്രതികരിച്ചത്.

ജോലികള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ലേബര്‍ മുന്‍ഗണന നല്‍കും. യൂറോപ്യന്‍ യൂണിയനുമായി പുതിയ ബന്ധം പടുത്തുയര്‍ത്തും. തൊഴിലാളികളുടെ അവകാശങ്ങളും പരിസ്ഥിതിയും സംരക്ഷിക്കും. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തും, ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും തുടങ്ങിയവയാണ് ബ്രെക്‌സിറ്റില്‍ ലേബറിന്റെ പ്രഖ്യാപിത നിലപാട്.

ബ്രെക്‌സിറ്റ് ധാരണയില്‍ അര്‍ത്ഥവത്തായ വോട്ട് നല്‍കുമെന്നതാണ് പാര്‍ട്ടി നയം. സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നതിനു തുല്യമായ ഫലം ലഭിക്കുന്ന വിധത്തില്‍ ഒരു ധാരണയില്‍ എത്തിച്ചേരണമെന്ന് സര്‍ക്കാരിനോട് ആവശ്യയപ്പെടുമെന്നും ലേബര്‍ അറിയിച്ചു.