ലണ്ടന്‍: യുകെയുടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായുള്ള സംഘത്തില്‍ ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിനും പങ്കാളിത്തം നല്‍കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ചുമതലക്കാരന്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ്. തെരഞ്ഞെടുപ്പില്‍ തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടി അവരുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് പദ്ധതികള്‍ ജനങ്ങള്‍ നിരസിക്കുന്നതിന്റെ സൂചനയാണെന്നും ഈ ശബ്ദങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടതാണെന്നും മുന്‍ ബെല്‍ജിയം പ്രധാനമന്ത്രികൂടിയായ വെര്‍ഹോഫ്‌സ്റ്റാറ്റ് പറഞ്ഞു.

തെരഞ്ഞെടുപ്പ് സെല്‍ഫ് ഗോള്‍ ആണെന്ന വിമര്‍ശനവും തെരേസ മേയ്‌ക്കെതിരെ അദ്ദേഹം ഉയര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചകളില്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് യുകെയിലെ എല്ലാ പൗരന്‍മാരയെന്നതുപോലെ യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയും ബാധിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം പോലെയല്ല ഈ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ ഭിന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് ആശയങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുക്കേണ്ടതായി വരും. മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.